വിർജീനിയ: 'റെഡ് കാർപെറ്റ് ഇൻ' എന്ന ഹോട്ടലിന്റെ മറവിൽ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിവന്ന തരുൺ ശർമ്മ (55), ഭാര്യ കോശ ശർമ്മ (52) എന്നിവരെ അമേരിക്കൻ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് അമേരിക്കൻ പൗരന്മാരും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്.(Indian-origin couple arrested in Virginia for running prostitution ring under the cover of hotel)
ഇടപാടുകാർക്കിടയിൽ തരുൺ ശർമ്മ 'പോപ്പ്' എന്നും കോശ ശർമ്മ 'മാ' എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഹോട്ടലിന്റെ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇടപാടുകൾ നടന്നിരുന്നത്. താഴത്തെ നിലകളിൽ സാധാരണ അതിഥികളെ താമസിപ്പിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ ബിസിനസ്.
2025 മെയ് മുതൽ ഒമ്പതോളം തവണ എഫ്ബിഐ ഏജന്റുമാർ പല വേഷങ്ങളിൽ ഈ ഹോട്ടൽ സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. എട്ട് സ്ത്രീകളെയാണ് ഇവിടെ വേശ്യാവൃത്തിക്കായി തടങ്കലിൽ വെച്ചിരുന്നത്. ഇവർക്ക് പുറത്തുപോകാൻ അനുവാദമില്ലായിരുന്നുവെന്നും ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. 80 ഡോളർ മുതൽ 150 ഡോളർ വരെയാണ് ഓരോ ഇടപാടിൽ നിന്നും ഇവർ ഈടാക്കിയിരുന്നത്.
2023 മെയ് മുതൽ ദമ്പതികൾ ഈ ഹോട്ടൽ പാട്ടത്തിനെടുത്ത് നടത്തി വരികയായിരുന്നു. ഇവിടെ നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും ലാഭവിഹിതം ദമ്പതികൾ കൈപ്പറ്റിയിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. മയക്കുമരുന്ന് വ്യാപാരത്തിലും ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.