ഡാളസ് : അമേരിക്കയിൽ ഇന്ത്യൻ വംശജന്റെ കഴുത്തറുത്ത് കൊലപ്പെടുത്തി.കർണാടകയിൽ നിന്ന് കുടിയേറിയ ചന്ദ്ര നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത്. പ്രതി യോർദാനിസ് കോബോസ്-മാർട്ടിനെസിനെ പോലീസ് അറസ്റ്റ് ചെയ്‌തു.
വാഷിങ്മെഷിൻ തകരാറിലായതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുടുംബത്തിന്റെ മുന്നിൽവെച്ചാണ് ചന്ദ്ര നാഗമല്ലയ്യയെ പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾ ക്രമിനൽ പശ്ചാത്തലമുള്ള ഒരു ക്യൂബൻ പൗരനാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.
ഡാലസിലെ ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിന്റെ മാനോജരായിരുന്നു കൊല്ലപ്പെട്ട ചന്ദ്ര നാഗമല്ലയ്യ.വാഷിങ് മെഷീൻ പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായി. കോബോസ്-മാർട്ടിനെസ് മോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങി ഒരു കത്തി ഉപയോഗിച്ച് നാഗമല്ലയ്യയെ തുടർച്ചയായി വെട്ടുകയും കുത്തുകയും ചെയ്തു. നാഗമല്ലയ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് ആക്രമണം തുടർന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നാഗമല്ലയ്യയെ ക്രൂരമായി ആക്രമിക്കുകയും തല ശരീരത്തിൽ നിന്ന് വേർപെടുത്തി നിലത്തിട്ട് ചവിട്ടുകയും ചവറ്റുകുട്ടയിൽ ഇടുകയും ചെയ്തതായി റിപ്പോർട്ടുകൾ. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കോബോസ്-മാർട്ടിനെസിനെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.