വിദേശരാഷ്ട്രങ്ങളിൽ ചെന്നുള്ള ഇന്ത്യക്കാരുടെ പല പെരുമാറ്റ രീതികളും വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്. അത് പോലെ ഒരു സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ലണ്ടനിലെ തേംസ് നദിയിൽ ഒരു ഇന്ത്യക്കാരൻ കാലുകൾ കഴുകുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു. സാംസ്കാരികവും പാരിസ്ഥിതികവുമായ വാദങ്ങളും ചർച്ച ചൂടുപിടിപ്പിക്കാനായി ഉണ്ടായിരുന്നു. ഇന്ത്യക്കാർ എന്തുകൊണ്ടാണ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യുന്നതെന്ന് കുറിച്ച് കൊണ്ട് ഒരു ഇന്ത്യന്‍ വംശജന്‍ തന്നെയായിരുന്നു വീഡിയോയും പങ്കുവച്ചത്. (River Thames)
പ്രവീണ്‍ എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. “ലണ്ടനിലെ തേംസ് നദിയിൽ ഇന്ത്യക്കാരൻ കാലുകൾ കഴുകുന്നത് കണ്ടു ജനങ്ങൾ രോഷാകുലരാണ്. എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഈ തരത്തിലുള്ള മണ്ടത്തരം ചെയ്യുന്നത്,” എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിന് മുകളില്‍ പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ തേംസ് നദി തീരത്ത് ഒരു ദക്ഷിണേന്ത്യക്കാരനെ പോലെ തോന്നുന്ന ഒരാൾ തന്‍റെ കാല് കലങ്ങി ഒഴുകുന്ന നദിയില്‍ കഴുകുന്നത് കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. ചിലർ തേംസ് നദിയിലെ വെള്ളത്തിന്‍റെ നിറം കണ്ടിട്ട് ആരും ഒന്നും കഴുകാന്‍ താത്പര്യപ്പെടില്ലെന്ന് കുറിച്ചു. മറ്റ് ചിലര്‍ തേംസില്‍ കാല്‍ കഴുകാന്‍ പാടില്ലെന്ന് നിയമുണ്ടോയെന്ന് ചോദിച്ചെത്തി. മറ്റ് ചിലര്‍ ഇന്ത്യക്കാര്‍ മാത്രമല്ല, മറ്റ് ചില ദക്ഷിണേഷ്യന്‍ രാജ്യക്കാരും നദിയില്‍ കാല്‍ കാഴുകാറുണ്ടെന്നും അത് ഇന്ത്യക്കാരനാണെന്ന് എന്ത് ഉറപ്പാണെന്ന് ചോദിച്ചു. മറ്റ് ചിലർ ലണ്ടനിലെ ലാൻഡ്‌മാർക്കുകളിൽ ഒന്നായ തേംസ്, പാർലമെന്‍റ് ഹൗസ്, ലണ്ടൻ ഐ, ടവർ ബ്രിഡ്ജ് എന്നിവയുൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഇത് ഒഴുകുന്നതാണെന്നും അതില്‍ ഇ കോളീ ബാക്റ്റീരിയയുടെ അളവ് വളരെ കൂടുതലാണെന്നും വിശദമാക്കി.