ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ പോലീസ് പിന്തുടരുന്നതിനിടെ അതിവേഗത്തിൽ കാറോടിച്ച് ഗർഭിണിയായ പതിനേഴുകാരിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണത്തിന് ഇടയാക്കിയ കേസിൽ ഇന്ത്യൻ പൗരൻ തർസെം സിംഗ് കുറ്റം നിഷേധിച്ചു (Tarsem Singh Ohio). മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ തർസെം ഓടിച്ച വാഹനം ഇടിച്ച് ആഷ്‌ലി ഹോംസ് എന്ന കൗമാരക്കാരിയാണ് കൊല്ലപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്കെതിരെ ഒരു മില്യൺ ഡോളറിന്റെ ബോണ്ട് അധികൃതർ ചുമത്തി.
അപകടം നടന്നത് ഇങ്ങനെ
ഒഹായോയിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ തർസെം സിംഗിനെ പോലീസ് പിന്തുടരുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അമിതവേഗത്തിൽ കാറോടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഈ സമയം എതിരെ റേഞ്ച് റോവർ വെലാറിൽ വരികയായിരുന്ന ആഷ്‌ലി ഹോംസിന്റെ വാഹനത്തിലേക്ക് തർസെം സിംഗിന്റെ കാർ ഇടിച്ചുകയറി. ആഘാതത്തിൽ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ ആഷ്‌ലി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആഷ്‌ലിയുടെ ഗർഭസ്ഥ ശിശുവിനും ജീവൻ നഷ്ടമായി.
നാടുകടത്തൽ നടപടികൾ
അനധികൃത കുടിയേറ്റക്കാരനായ തർസെം സിംഗിനെതിരെ മനഃപൂർവമല്ലാത്ത രണ്ട് നരഹത്യാ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. അപകടത്തിൽ ഇയാൾക്ക് നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിചാരണ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. മാർച്ച് 23-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചതാണ് രണ്ട് ജീവനുകൾ പൊലിയാൻ കാരണമായതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതിയെ വിട്ടയക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് കോടതി വൻതുക ബോണ്ട് നിശ്ചയിച്ചത്.
Story Summary:
Tarsem Singh, an Indian illegal immigrant in Ohio, pleaded not guilty in court for causing the death of a 17-year-old pregnant girl, Ashley Holmes, and her unborn child. The tragedy occurred on March 23 during a high-speed police chase where Singh’s car hit the victim’s vehicle at 160 km/h. Authorities have set a $1 million bond and confirmed that Singh will face deportation following his trial.

