മസാച്യുസെറ്റ്‌സിലെ മക്ഡൊണാൾഡ്സിൽ ഒരു ഇന്ത്യൻ വംശജനായ ജീവനക്കാരനെ 40 വർഷത്തെ സേവനത്തിന് ഫ്രാഞ്ചൈസി ഉടമ ആദരിച്ച വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ബൽബീർ സിങ് എന്ന ഇന്ത്യക്കാരനെയാണ് ഫ്രാഞ്ചൈസി ഉടമയായ ലിൻഡ്‌സെ വാലിൻ ആദരിച്ചത്. വേദിയിലേക്ക് ബൽബീർ സിങ്ങിനെ റെഡ് കാർപറ്റ് വിരിച്ചാണ് സ്വീകരിച്ചത്. ഒപ്പം 40,000 ഡോളറിന്റെ (ഏകദേശം 36 ലക്ഷം) ചെക്കും അദ്ദേഹത്തിന് നൽകി. ആകെ ഒമ്പത് ഔട്ട്‌ലെറ്റുകളാണ് ഫ്രാഞ്ചൈസി ഉടമയായ ലിൻഡ്‌സെ വാലിനുള്ളത്. (US)
“ഞങ്ങളുടെ സ്ഥാപനത്തിന്റെ ഹൃദയവും ആത്മാവും രൂപപ്പെടുത്താൻ സഹായിച്ച 40 വർഷത്തെ സേവനമാണ് ബൽബീർ സിങ്ങിന്റേത്” എന്നാണ് വാലിൻ പ്രാദേശിക പ്രസിദ്ധീകരണമായ ഡെയ്‌ലി ഐറ്റമിനോട് പറഞ്ഞത്. “ബൽബീർ 40 വർഷം മുമ്പ് ഇന്ത്യയിൽ നിന്നും യുഎസ്സിലെത്തിയതിന് തൊട്ടുപിന്നാലെയാണ് മക്ഡൊണാൾഡ്സിൽ തന്റെ കരിയർ ആരംഭിച്ചത് എന്നും അവർ പറയുന്നു.
താൻ ചുമതലയേൽക്കുന്നതിന് മുമ്പ്, തന്റെ പിതാവും ഫ്രാഞ്ചൈസിയുടെ യഥാർത്ഥ ഉടമയുമായ ബോബ് കിംഗിന് വേണ്ടി ബൽബീർ സിങ് ജോലി ചെയ്തിരുന്നുവെന്ന് അവർ ഓർമ്മിച്ചു. ''ബൽബീർ ഉൾപ്പടെ ഇവിടെ നിൽക്കുന്ന പലരും അദ്ദേഹത്തിനു വേണ്ടി ആത്മാർത്ഥമായി ജോലി ചെയ്തവരാണ്. ഒരു ബിസിനസ് എന്നതിലുപരി തന്റെ പിതാവ് ഇതൊരു കുടുംബമായി കെട്ടിപ്പടുക്കാനാണ് ആഗ്രഹിച്ചത്'' എന്നും വാലിൻ പറയുന്നു.
''ബൽബീറിന്റെ ആത്മാർത്ഥതയേയും അധ്വാനത്തെയും കുറിച്ച് വിവരിക്കാൻ തനിക്ക് വാക്കുകളില്ല. ഇന്ന്, ഞങ്ങളുടെ ഒമ്പത് റെസ്റ്റോറന്റുകളിൽ നാലെണ്ണം ബൽബീർ നോക്കി നടത്തുന്നു. അദ്ദേഹത്തിന്റെ ജോലിയിലെ മികവ്, വിനയം, എല്ലാ കാര്യങ്ങളിലുമുള്ള ശ്രദ്ധ എന്നിവയെല്ലാം എടുത്തു പറയേണ്ടതാണ്. അദ്ദേഹം ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക മാത്രമല്ല ചെയ്യുന്നത്. ഞങ്ങളുടെ ഒമ്പത് റെസ്റ്റോറന്റുകളുള്ള മുഴുവൻ ടീമിനെയും അദ്ദേഹം ശ്രദ്ധിക്കുന്നു'' എന്നും അവർ പറഞ്ഞു. എല്ലാ ജോലിയും താൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെയൊരിടത്ത് നിൽക്കുന്നതിൽ താൻ അഭിമാനിക്കുന്നു എന്നാണ് ബൽബീർ സിങ് പ്രതികരിച്ചത്.