ഇറാൻ യുദ്ധഭീതിയിൽ; ഇന്ത്യക്കാരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി എംബസി | Indian Embassy Iran advisory

ഇറാൻ യുദ്ധഭീതിയിൽ; ഇന്ത്യക്കാരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി എംബസി | Indian Embassy Iran advisory
Updated on

ടെഹ്‌റാൻ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രതിഷേധം രൂക്ഷമാകുകയും ആഭ്യന്തര സാഹചര്യം യുദ്ധസമാനമായി മാറുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം (Advisory) നൽകി ഇന്ത്യൻ എംബസി. വിദ്യാർത്ഥികൾ, തീർത്ഥാടകർ, വ്യാപാരികൾ എന്നിവരടക്കം ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരോടും ലഭ്യമായ വാണിജ്യ വിമാനങ്ങൾ വഴി എത്രയും വേഗം രാജ്യം വിടാൻ എംബസി ആവശ്യപ്പെട്ടു.

ഇറാനിൽ ആഴ്ചകളായി തുടരുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,500 കടന്നതായാണ് വിവരം. പ്രതിഷേധം ബുധനാഴ്ച 20-ാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ പ്രതിഷേധക്കാരെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. പ്രതിഷേധക്കാർ പിന്മാറരുതെന്നും അമേരിക്കയുടെ സഹായം ഉടൻ എത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ഇറാനിൽ അമേരിക്കൻ സൈനിക നീക്കം ഉണ്ടാകുമെന്ന സൂചനകൾ ശക്തമായി. ഖത്തറിലെ തങ്ങളുടെ സൈനിക താവളം ഒഴിയാൻ ഉദ്യോഗസ്ഥർക്ക് അമേരിക്ക നിർദ്ദേശം നൽകിയതും വരാനിരിക്കുന്ന വ്യോമാക്രമണത്തിന്റെ സൂചനയായാണ് അന്താരാഷ്ട്ര ഏജൻസികൾ വിലയിരുത്തുന്നത്.

എംബസിയുടെ നിർദ്ദേശങ്ങൾ:

ഇറാനിലുള്ള ഇന്ത്യക്കാർ പാസ്‌പോർട്ടും ഐഡന്റിറ്റി രേഖകളും ഉൾപ്പെടെയുള്ള യാത്രാരേഖകൾ തയ്യാറാക്കി വെക്കുക.

പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും പ്രാദേശിക വാർത്തകൾ നിരീക്ഷിക്കുകയും ചെയ്യുക.

ഇതുവരെ എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ തന്നെ വിവരങ്ങൾ കൈമാറണം.

അടിയന്തര സഹായത്തിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം , രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും ഭീകരവാദികളെ ഉപയോഗിക്കുകയാണെന്ന് ഇറാനിയൻ ഭരണകൂടം ആരോപിച്ചു. പണപ്പെരുപ്പവും കറൻസി മൂല്യത്തകർച്ചയും മൂലം ജനങ്ങൾ തെരുവിലിറങ്ങിയതോടെ രാജ്യം കടുത്ത സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ഏകദേശം 280-ഓളം സ്ഥലങ്ങളിലാണ് നിലവിൽ സംഘർഷം പടർന്നിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com