വാഷിങ്ടണ്‍ : ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യുഎസ് ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു അവകാശപ്പെട്ട ട്രംപ്, അതിനു വളരെ വൈകിപ്പോയെന്നും വ്യക്തമാക്കി.
ചൈനയിലെ ടിയാന്‍ജിനില്‍ എസ്.സി.ഒ. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരേ ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
‘ഇന്ത്യയുമായി യുഎസ് വളരെ കുറച്ചു വ്യാപാരമേ നടത്തുന്നുള്ളൂ. പക്ഷേ, അവർ യുഎസുമായി വലിയ തോതിൽ വ്യാപാരം നടത്തുന്നുണ്ട്. വളരെ ഉയർന്ന തീരുവയാണ് ഇന്ത്യ ഈടാക്കിയിരുന്നത്. അതുകൊണ്ടാണ് യുഎസ് ഉൽപന്നങ്ങൾ ഇന്ത്യയിൽ വിൽക്കാൻ കഴിയാതെ പോയത്. ഇത് പൂർണമായും ഏകപക്ഷീയമായ ദുരന്തമായിരുന്നുവെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിട്ടുള്ളത്. റഷ്യയില്‍നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് പിഴയായുള്ള 25 ശതമാനം ഉള്‍പ്പെടെയാണ് 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് എസ്.സി.ഒ. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു.