'ഇന്ത്യ–പാക്ക് സംഘർഷം പരിഹരിച്ചു’: ട്രംപിന് സമാധാനത്തിനുള്ള നൊബേൽ നൽകണമെന്ന് പാകിസ്ഥാൻ | Trump

നിർണായകമായ നയതന്ത്ര ഇടപെടലിനുള്ള അംഗീകാരമായി 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് നല്കണമെന്നാണ് നിർദ്ദേശം
Trump
Published on

ന്യൂഡൽഹി: ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്നന്ന് പാക്കിസ്ഥാൻ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അടുത്തിടെയുണ്ടായ സംഘർഷത്തിലെ നിർണായകമായ നയതന്ത്ര ഇടപെടലും സുപ്രധാനമായ നേതൃപാടവവും ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 2026 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി ഔദ്യോഗികമായി നാമനിർദേശം ചെയ്തത്.

‘‘നിർണായകമായ നയതന്ത്ര ഇടപെടലിനുള്ള അംഗീകാരമായി 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് അർഹിക്കുന്നു.’’–പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു.

എന്നാൽ, നൊബേൽ സമ്മാനം തനിക്ക് ലഭിക്കില്ലെന്ന് ട്രംപ് പ്രതികരിച്ചു.‘‘റുവാണ്ടയുടെയോ കോംഗോയുടെയോ പേരിലോ അല്ലെങ്കിൽ സെർബിയയുടെയോ കൊസോവോയുടെയോ പേരിലോ എനിക്കത് ലഭിക്കണമായിരുന്നു. അവർ എനിക്ക് നൊബേൽ സമ്മാനം തരില്ല. തരാനാണെങ്കിൽ ഇതിനു മുൻപ് നാലോ അഞ്ചോ തവണ തരേണ്ടതായിരുന്നു. അവർ ലിബറലുകൾക്കേ സമ്മാനം കൊടുക്കൂ.’’–ട്രംപ് പറഞ്ഞു. കോംഗോയും റുവാണ്ടയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ ഒരു സമാധാന കരാർ ഒപ്പിടുമെന്നും ട്രംപ് സൂചിപ്പിച്ചു.

ഇന്ത്യ–പാക്ക് വെടിനിർത്തലിന് മുൻകൈ എടുത്തതായി ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചു. ലോകത്തെ മറ്റു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ നയതന്ത്ര ഇടപെടൽ നടത്തിയതായും ട്രംപ് പറഞ്ഞു. രണ്ട് ആണവശക്തികൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ താൻ സഹായിച്ചുവെന്ന് ട്രംപ് നേരത്തെയും അവകാശപ്പെട്ടിരുന്നെങ്കിലും ഇന്ത്യൻ സർക്കാർ ഈ വാദം തള്ളിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com