
ന്യൂഡൽഹി: കനനാസ്കിസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്(G7 Summit). കൂടിക്കാഴ്ചയിൽ, ജി 7 ക്ഷണത്തിന് പ്രധാനമന്ത്രി മോദി മാർക്ക് കാർണിയോടും രാജ്യത്തോടും നന്ദി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. മാത്രമല്ല; ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ ഇരുവരും തമ്മിൽ ധാരണയായി. ഇതിനു വേണ്ടി ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷനെ നിയമിക്കും.
"ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം പല തരത്തിൽ വളരെ പ്രധാനമാണ്. നിരവധി കനേഡിയൻ കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപമുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്ക് കനേഡിയൻ മണ്ണിൽ വലിയ നിക്ഷേപമുണ്ട്. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തെ കാണാൻ എനിക്ക് അവസരം ലഭിക്കുന്നത് ഇതാദ്യമാണ്, അതിനാൽ ഈ തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ മഹത്തായ വിജയത്തിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു, വരും കാലയളവിൽ ഇന്ത്യയും കാനഡയും അദ്ദേഹത്തോടൊപ്പം നിരവധി മേഖലകളിൽ ഒരുമിച്ച് മുന്നേറും." - പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.