'ഇന്ത്യ എണ്ണ വാങ്ങുന്നു, റഷ്യ ആ പണം കൊണ്ട് യുക്രെയ്‌നെതിരെ യുദ്ധം ചെയ്യുന്നു', നവാരോയുടെ പ്രസ്താവനയെ പൊളിച്ചടുക്കി എക്സ് | Navarro

ഇലോൺ മസ്‌ക് ഇന്ത്യയ്ക്ക് അനുകൂലമായ 'പ്രോപഗാൻഡ' പ്രോത്സാഹിപ്പിക്കുന്നുവെന്ന് നവാരോ
Navaro
Published on

വാഷിംഗ്‌ടൺ: ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭത്തിനുവേണ്ടി മാത്രമാണെന്നും ആ പണം ഉപയോഗിച്ചാണ് റഷ്യ യുക്രെയ്ൻകാരെ കൊല്ലുന്നതെന്നും ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ എക്‌സിൽ കുറിച്ചു. എക്സിലെ ഈ പ്രസ്താവനയെ പൊളിച്ചടുക്കി പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടതോടെ നവാരോ വെട്ടിലായി. ഇതോടെ നവാരോയുടെ വിമർശനം എക്സിന്റെ ഉടമ ഇലോൺ മസ്കിനോടായി. ഇന്ത്യയ്ക്ക് അനുകൂലമായ 'പ്രോപഗാൻഡ' (പ്രചാരണം) പ്രോത്സാഹിപ്പിക്കുന്നതാണ് എക്സിന്റെ ഈ ഫീച്ചർ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപ് ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ലെന്നും നവാരോ വീണ്ടും ട്വീറ്റ് ചെയ്തു.

ഇന്ത്യ ഈടാക്കുന്ന ഉയർന്ന തീരുവ യുഎസിൽ തൊഴിലവസരങ്ങളെ ബാധിക്കുകയാണെന്നും റഷ്യൻ എണ്ണ ലാഭത്തിനുവേണ്ടി വാങ്ങുന്ന ഇന്ത്യ, റഷ്യയുടെ യുദ്ധ മെഷീനിന് ഇന്ധനം പകരുകയാണെന്നുമായിരുന്നു നവാരോയുടെ ആദ്യ ട്വീറ്റ്. ഇന്ത്യയ്ക്കുമേലുള്ള ട്രംപിന്റെ കടുത്ത തീരുവയെ വിശകലനം ചെയ്ത് വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തെ ‘ഇടതനുകൂല അമേരിക്കൻ വ്യാജ വാർത്ത’ എന്ന് വിശേഷിപ്പിച്ചായിരുന്നു ഈ ട്വീറ്റ്. യുദ്ധത്തിൽ യുക്രെയ്ൻകാരും റഷ്യക്കാരും മരിക്കുകയാണ്. യുഎസ് നികുതിദായകർ പ്രതിസന്ധിയിലാണെന്നും സത്യത്തെ വളച്ചൊടിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നും നവാരോ കുറിച്ചു.

ഈ കുറിപ്പിന് താഴെയാണ് നവാരോയുടെ വാദങ്ങൾ പൊളിക്കുന്ന എക്സ് ഫീച്ചർ പ്രത്യക്ഷപ്പെട്ടത്. ‘‘റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടി ലാഭത്തിനുവേണ്ടി മാത്രമുള്ളതല്ല, ഊർജ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിക്കൂടിയാണ്. ഇന്ത്യ ഉപരോധങ്ങൾ ലംഘിച്ചിട്ടുമില്ല. ഇന്ത്യയ്ക്ക് തീരുവയുണ്ടെങ്കിലും സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്കെതിരെ യുഎസിനാണ് വ്യാപാര സർപ്ലസ് ഉള്ളത്. യുഎസ് ഇപ്പോഴും റഷ്യയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നുണ്ട്. ഇരട്ടത്താപ്പാണത്.’’ - ഇതായിരുന്നു ഒന്ന്.

"നവാരോയുടെ വാദങ്ങളെല്ലാം ഇരട്ടത്താപ്പാണ്. ഇന്ത്യ രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ചിട്ടില്ല. റഷ്യൻ എണ്ണ ഇറക്കുമതി ഊർജ സുരക്ഷ ഉറപ്പാക്കാനാണ്. ഇന്ത്യയ്ക്കുമേൽ സമ്മർദം സൃഷ്ടിക്കുന്ന യുഎസ് ഇപ്പോഴും യുറേനിയം ഉൾപ്പെടെ ഉൽപന്നങ്ങൾ‌ റഷ്യയിൽ നിന്ന് വാങ്ങുന്നതാണ് ഇരട്ടത്താപ്പ്." - ട്വീറ്റുകൾക്ക് താഴെ അവ വാസ്തവമാണോ എന്ന് വിശദീകരിക്കുന്ന ഫീച്ചറാണിത്. എക്സിലെ യൂസർമാർക്ക് ട്വീറ്റിൽ പറഞ്ഞത് വാസ്തമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാൻ ഇതു സഹായിക്കും.

തന്റെ ട്വീറ്റിനു താഴെ ഇതു പ്രത്യക്ഷപ്പെട്ടതാണ് നവാരോയെ ചൊടിപ്പിച്ചത്. മറ്റുള്ളവരുടെ ട്വീറ്റിന് താഴെ പ്രോപഗാൻഡകൾ പ്രോത്സാഹിപ്പിക്കുകയാണ് ഇലോൺ മസ്കിന്റെ ഫീച്ചറെന്ന് നവാരോ ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com