

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ നൽകിയ എട്ട് മാധ്യമപ്രവർത്തകർക്കും നിരീക്ഷകർക്കും ഭീകരവിരുദ്ധ കോടതി ജീവപര്യന്തം തടവ് വിധിച്ചു (Imran Khan Supporters Sentenced). 2023 മെയ് 9-ന് ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് നടന്ന അക്രമസംഭവങ്ങളിൽ പ്രകോപനം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് ശിക്ഷ. 'ഡിജിറ്റൽ ഭീകരവാദം' വഴി സൈന്യത്തിനും ഭരണകൂടത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിട്ടു എന്നാണ് കോടതിയുടെ നിരീക്ഷണം.
പ്രമുഖ മാധ്യമപ്രവർത്തകരായ വജാഹത്ത് സയീദ് ഖാൻ, സാബിർ ഷാക്കിർ, ഷഹീൻ സെഹബാദി, ഹൈദർ റാസ മെഹ്ദി, മുയീദ് പിർസാദ എന്നിവരും മുൻ സൈനിക ഉദ്യോഗസ്ഥരും യൂട്യൂബർമാരുമായ ആദിൽ രാജ, സയ്യിദ് അക്ബർ ഹുസൈൻ എന്നിവരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ശിക്ഷിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും നിലവിൽ പാകിസ്ഥാനിലില്ല. ഇവർ ഹാജരാകാത്തതിനെത്തുടർന്ന് അഭാവത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.
മെയ് 9-ലെ പ്രതിഷേധത്തിനിടെ സൈനിക താവളങ്ങൾ ആക്രമിക്കാൻ സോഷ്യൽ മീഡിയയിലൂടെ പ്രേരിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. ഇത് രാജ്യത്ത് ഭയവും അസ്ഥിരതയും ഉണ്ടാക്കിയെന്ന് കോടതി നിരീക്ഷിച്ചു. ഓരോ പ്രതിക്കും രണ്ട് ജീവപര്യന്തം വീതമാണ് വിധിച്ചിരിക്കുന്നത്. കൂടാതെ കനത്ത പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഈ വിധിയിൽ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ അന്തിമ സ്ഥിരീകരണം ആവശ്യമാണ്.
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടുത്ത കടന്നുകയറ്റമാണിതെന്ന് മാധ്യമ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു. വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണിതെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (CPJ) പ്രതികരിച്ചു. അതേസമയം, ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ (PTI) വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
A Pakistani anti-terrorism court has sentenced eight journalists and social media commentators to double life imprisonment for their alleged role in "digital terrorism." The court convicted them of inciting violence and spreading unrest through online platforms following the arrest of former Prime Minister Imran Khan on May 9, 2023. Those sentenced, including prominent figures like Wajahat Saeed Khan, Sabir Shakir, and Adil Raja, were mostly tried in absentia as they are currently residing abroad. Press freedom advocates have condemned the verdict as a move to silence dissenting voices.