

റാവൽപിണ്ടി: പാകിസ്താൻ രാഷ്ട്രീയത്തിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് ഇമ്രാൻ ഖാനെതിരെയുള്ള പുതിയ കോടതി വിധി. സൗദി അറേബ്യയിൽ നിന്ന് ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വന്തമാക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.പാക് ശിക്ഷാ നിയമത്തിലെ 409-ാം വകുപ്പ് പ്രകാരം (വിശ്വാസവഞ്ചന) 10 വർഷത്തെ കഠിനതടവും, അഴിമതി നിരോധന നിയമപ്രകാരം 7 വർഷവും ഉൾപ്പെടെ ആകെ 17 വർഷമാണ് ശിക്ഷ. ഇമ്രാൻ ഖാനും ബുഷ്‌റ ബീബിയും 10 ദശലക്ഷം പാക് രൂപ വീതം പിഴയൊടുക്കണം.പ്രതികളുടെ പ്രായവും സ്ത്രീ എന്ന പരിഗണനയും വെച്ചാണ് ശിക്ഷ 17 വർഷമായി നിശ്ചയിച്ചതെന്ന് കോടതി വ്യക്തമാക്കി.
എന്താണ് തോഷാഖാന കേസ്?
2021-ൽ ഇമ്രാൻ ഖാൻ അധികാരത്തിലിരുന്നപ്പോൾ സൗദി കിരീടാവകാശി സമ്മാനിച്ച ബൾഗാരി ഡയമണ്ട് ജ്വല്ലറി സെറ്റുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.വിദേശത്തുനിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ 'തോഷാഖാന' എന്ന സർക്കാർ ഖജനാവിലേക്ക് നൽകണം. അവ സ്വന്തമാക്കണമെങ്കിൽ വിപണി മൂല്യത്തിന്റെ നിശ്ചിത ശതമാനം സർക്കാരിലേക്ക് അടയ്ക്കണം.
80 മില്യൺ പാക് രൂപ വിലമതിക്കുന്ന ആഭരണങ്ങളുടെ മൂല്യം കുറച്ചുകാട്ടി വെറും 2.9 മില്യൺ രൂപ മാത്രം ഖജനാവിൽ അടച്ച് ദമ്പതികൾ അത് കൈക്കലാക്കി എന്നതാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഇമ്രാൻ ഖാനെ മാറ്റിനിർത്താൻ ഈ വിധി കാരണമായേക്കും. നിലവിൽ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ഈ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.