
ഇന്ന് ലോക പ്രഥമ ശുശ്രൂഷ ദിനം. മനുഷ്യ ജീവൻ രക്ഷിക്കുന്നതിൽ പ്രഥമശുശ്രൂഷ വഹിക്കുന്ന പങ്ക് വളരെവലുതാണ്. പ്രഥമശുശ്രൂഷയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി പ്രഥമ ശുശ്രൂഷ ദിനം ആചരിച്ചുപോരുന്നു. സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ലോക പ്രഥമശുശ്രൂഷാ ദിനമായി ആചരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനും പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. (World First Aid Day)
അടിയന്തര സാഹചര്യങ്ങളിൽ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വ്യത്യാസമാണ് പ്രഥമശുശ്രൂഷ. പ്രഥമശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, അടിസ്ഥാന പ്രഥമശുശ്രൂഷാ വിദ്യകൾ പഠിക്കുന്നതിനുള്ള വിലപ്പെട്ട വിഭവങ്ങൾ പൊതു സമൂഹത്തിന് നൽകുക, നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയെയും അടിയന്തരസാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിന് സജ്ജമാക്കുക എന്നതാണ് ഈ ദിനത്തിന്റെ അടിസ്ഥാന ലക്ഷ്യം.
എന്താണ് പ്രഥമശുശ്രൂഷ
പരിക്കേറ്റതോ സുഖമില്ലാത്തതോ ആയ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി നൽകുന്ന അടിയന്തര പരിചരണമാണ് പ്രഥമശുശ്രൂഷ. ഇതിൽ CPR, മുറിവ് പരിചരണം, ഹെയ്ംലിച്ച് മാനെവർ എന്നിവ ഉൾപ്പെടുന്നു. വിദഗ്ധ സഹായം ലഭിക്കുന്നതുവരെ പ്രഥമശുശ്രൂഷ ജീവൻ രക്ഷിക്കാൻ സഹായകമാകുന്നു. പ്രഥമശുശ്രൂഷ അറിയുന്നത് സഹായകരം മാത്രമല്ല; അത് വ്യക്തികളുട ആത്മവിശ്വാസം വർധിപ്പിക്കുകയും, നമ്മുടെ സമൂഹത്തിൽ ഒരു സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ സഹായകമാകുന്നു.
പ്രഥമ ശുശ്രൂഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് മുമ്പ് ആദ്യം സ്വന്തം സുരക്ഷ ഉറപ്പാക്കണം. വൈദ്യുതാഘാതം, തീപിടിത്തം, ഗ്യാസ് ചോർച്ച തുടങ്ങിയ സാഹചര്യമുണ്ടെങ്കിൽ അപകടത്തിൽപ്പെട്ട വ്യക്തിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി അധികൃതരെ ഉടൻ തന്നെ വിവരം അറിയിക്കണം.
2. വ്യക്തി ശരിയായി ശ്വസിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ശ്വസനം തടസ്സപ്പെടുകയാണെങ്കിൽ ഉടൻ തന്നെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം.
3. പ്രഥമ ശുശ്രൂഷ നൽകി കൊണ്ടിരിക്കുമ്പോൾ തന്നെ വിദഗ്ധ ചികിത്സ ഒരുക്കണം. ഡോക്ടറെ രോഗിയുടെ അവസ്ഥയെക്കുറിച്ച് വിശദമായി അറിയിക്കുകയും, ആംബുലൻസ് എത്തുംവരെ വിദഗ്ധരുടെ നിർദ്ദേശം അനുസരിക്കുകയും വേണം.
4. അബോധാവസ്ഥയിലോ അർധബോധാവസ്ഥയിലോ ഉള്ളവർക്കു ദ്രാവകരൂപത്തിലുള്ള ഒന്നും കൊടുക്കരുത്. അത് ശ്വാസനാളത്തിലേക്ക് കടന്ന് ശ്വാസതടസ്സം ഉണ്ടായേകാം. ബോധം നഷ്ടപ്പെട്ടവരെ കുലുക്കി എഴുന്നേൽപ്പിക്കാനും പാടില്ല.
5. നട്ടെല്ലിനോ കഴുത്തിനോ ഗുരുതരമായ പരിക്കേറ്റാൽ, ആ വ്യക്തിയെ അനക്കരുത്ത്.
6. അപകടത്തിൽപ്പെട്ടയാളെ സുരക്ഷിതമായി കിടത്തി, വായ്ക്കുള്ളിൽ ദ്രാവകങ്ങളോ മറ്റു വസ്തുക്കളോ ഇല്ലെന്ന് ഉറപ്പാക്കണം. ശ്വാസം തടസ്സപ്പെടുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം.