

വാഷിങ്ടൺ: അമേരിക്കൻ സംവിധാനത്തിന് 'പൂർണ്ണമായി കരകയറാൻ' അവസരമൊരുക്കുന്നതിനായി 'എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ശാശ്വതമായി നിർത്തിവെക്കാൻ' തന്റെ ഭരണകൂടം പ്രവർത്തിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച നീണ്ട പോസ്റ്റിലാണ് ട്രംപ് വിവാദപരമായ ഈ കുടിയേറ്റ നയങ്ങൾ അവതരിപ്പിച്ചത്.(Immigration from all third world countries will be permanently suspended, says Trump)
യു.എസ്. സംവിധാനത്തിന് പൂർണ്ണമായി കരകയറാൻ അനുവദിക്കുന്നതിനായി എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ശാശ്വതമായി നിർത്തിവെക്കും. ജോ ബൈഡന്റെ ഭരണകാലത്തെ ദശലക്ഷക്കണക്കിന് നിയമവിരുദ്ധമായ പ്രവേശനങ്ങളെല്ലാം അവസാനിപ്പിക്കും. പൗരന്മാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും നിർത്തലാക്കും.
പൊതുജനങ്ങൾക്ക് ഭാരമാകുന്നവരോ, സുരക്ഷാ ഭീഷണിയാകുന്നവരോ, അല്ലെങ്കിൽ പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെടാത്തവരോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തും. ആഭ്യന്തര സമാധാനം തകർക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും. നിലവിലെ കുടിയേറ്റ നയം രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയെയും ജീവിത സാഹചര്യങ്ങളെയും ഇല്ലാതാക്കിയതായി ട്രംപ് ആരോപിച്ചു.
ട്രംപിന്റെ പോസ്റ്റിൽ അമേരിക്കയിലെ വിദേശ ജനസംഖ്യയെക്കുറിച്ചുള്ള കണക്കുകളും വിമർശനങ്ങളുമുണ്ട്. അമേരിക്കയിലെ ഔദ്യോഗിക വിദേശ ജനസംഖ്യ 53 ദശലക്ഷമാണ്. ഇവരിൽ ഭൂരിഭാഗവും ക്ഷേമപദ്ധതികളെ ആശ്രയിക്കുന്നവരോ പരാജയപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവരോ ആണെന്നും ട്രംപ് പറഞ്ഞു.
ഗ്രീൻ കാർഡുള്ള, 30,000 ഡോളർ സമ്പാദിക്കുന്ന ഒരു കുടിയേറ്റക്കാരന് അവരുടെ കുടുംബത്തിനായി ഏകദേശം 50,000 ഡോളറിന്റെ വാർഷിക ആനുകൂല്യങ്ങൾ ലഭിക്കുന്നു. രാജ്യസ്‌നേഹികളായ അമേരിക്കൻ പൗരന്മാരിൽ നിന്നുള്ള ഭീമമായ തുകകൾ കൊണ്ടാണ് ഇവരെ പിന്തുണയ്ക്കുന്നതെന്നും ട്രംപ് ആരോപിച്ചു.
അഭയാർത്ഥി ഭാരമാണ് അമേരിക്കയിലെ സാമൂഹിക തകർച്ചയുടെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമവിരുദ്ധവും പ്രശ്‌നക്കാരുമായ ജനവിഭാഗങ്ങളിൽ വലിയ കുറവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ട്രംപ് വ്യക്തമാക്കി.