

ബീജിംഗ്/വുഹു: സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം ഓൺലൈൻ തട്ടിപ്പുകളും വർധിക്കുമ്പോൾ, കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിൽനിന്നുള്ള ഒരു സംഭവം ഞെട്ടലുളവാക്കുന്നു. ഓൺലൈൻ ജോത്സ്യൻ്റെ പ്രവചനം വിശ്വസിച്ച് ഭാര്യ ഭർത്താവിനെതിരെ അവിഹിത ബന്ധം ആരോപിച്ച് വീട്ടിൽ വലിയ പ്രശ്നമുണ്ടാക്കിയതോടെ ഭർത്താവ് പോലീസിനെ സമീപിച്ചു.
അൻഹുയി പ്രവിശ്യയിലെ വുഹുവിലാണ് സംഭവം. ഭർത്താവ് തന്നോട് ചതിക്കുകയാണ്, മറ്റ് ബന്ധങ്ങളുണ്ട് എന്നും ആരോപിച്ച് ഭാര്യ വീട്ടിൽ വഴക്കുണ്ടാക്കുകയായിരുന്നു.ഇതിനെല്ലാം കാരണമായത് ഒരു ഓൺലൈൻ ജോത്സ്യനാണ്.യുവതി ഓൺലൈനിൽ 70 ഡോളർ (ഏകദേശം 6000 രൂപ) അടച്ചാണ് ഭർത്താവിനെക്കുറിച്ചുള്ള പ്രവചനം വാങ്ങിയത്. ഒക്ടോബർ 22-നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
പ്രവചനം വിശ്വസിച്ച് ഭാര്യ ഗുരുതരമായ ആരോപണങ്ങളാണ് ഭർത്താവിനുമേൽ ഉന്നയിച്ചത്. ജോത്സ്യൻ യുവതിയോട് പറഞ്ഞ പ്രവചനം ഇങ്ങനെയായിരുന്നു:
"നിങ്ങളുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്, നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുള്ള ഇയാൾ ഹോട്ടൽ റൂമുകളിലും പോകാറുണ്ട്, ഇതൊന്നും കൂടാതെ ലൈംഗികത്തൊഴിലാളികളുടെ അടുത്തും പോകാറുണ്ട്''
ഭാര്യ ഈ പ്രവചനം പൂർണ്ണമായും വിശ്വസിച്ചതായി ഗ്വാണ്ടൂ പോലീസ് പറയുന്നു.
ഭാര്യയുടെ ആരോപണം ശക്തമായതോടെയാണ് തൻ്റെ നിരപരാധിത്വം തെളിയിക്കാൻ ഭർത്താവ് പോലീസിനെ സമീപിച്ചത്."രാവിലെ മുതൽ ഭാര്യ ജോത്സ്യനെ വിളിച്ചുകൊണ്ടിരിക്കും. ജീവിതം സഹിക്കാൻ പറ്റാത്ത രീതിയിലായി,'' എന്നും ഭർത്താവ് പോലീസിനോട് പരാതിപ്പെട്ടു.
ദമ്പതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പോലീസ് ഇരുവരെയും വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.