വാഷിങ്ടൺ: തെക്കൻ കാലിഫോർണിയയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അനധികൃത കുടിയേറ്റക്കാരനായ ജഷൻപ്രീത് സിങ് (21) എന്ന ഇന്ത്യക്കാരനെതിരെ കുറ്റം ചുമത്തി. അപകടം നടക്കുന്ന സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.(Illegal immigrant trucker from India kills 3 in US, High on drugs)
സാൻ ബർണാർഡിനോ കൗണ്ടി ഫ്രീവേയിൽ സാവധാനം നീങ്ങുകയായിരുന്ന വാഹനങ്ങളിലേക്ക് ജഷൻപ്രീത് സിങ് ഓടിച്ച ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇയാൾ ഓടിച്ച ട്രക്ക് ഒരു എസ്‌യുവിയിലേക്കും അവിടെനിന്ന് തൊട്ടുമുന്നിലെ വാഹനത്തിലേക്കും ഇടിച്ച് കയറുന്ന ദൃശ്യങ്ങൾ ഡാഷ് കാമിൽ പതിഞ്ഞിട്ടുണ്ട്. അപകടത്തിൽ മരിച്ച മൂന്നുപേരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ലഹരി ഉപയോഗം സ്ഥിരീകരിച്ചു
ഗതാഗതക്കുരുക്കിലേക്ക് കയറുന്നതിന് മുമ്പ് സിങ് ബ്രേക്ക് ചവിട്ടിയിരുന്നില്ലെന്നും അയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. ടോക്സിക്കോളജി പരിശോധനയിൽ ലഹരി ഉപയോഗം സ്ഥിരീകരിച്ചു. "ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ അയാൾ ലഹരി ഉപയോഗിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി," സി.എച്ച്.പി. ഓഫീസർ റോഡ്രിഗോ ജിമെനെസ് പറഞ്ഞു.
'തടങ്കലിന് ബദൽ' നയപ്രകാരം വിട്ടയച്ചയാൾ
2022-ലാണ് ജഷൻപ്രീത് സിങ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയത്. യുഎസിൻ്റെ തെക്കൻ അതിർത്തി കടന്ന് കയറിയ ഇയാളെ കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിൽ വെച്ച് അതിർത്തി രക്ഷാസേന പിടികൂടിയിരുന്നു. എന്നാൽ, വിചാരണ തീർപ്പാക്കുന്നതുവരെ അനധികൃത കുടിയേറ്റക്കാരെ വിട്ടയക്കുന്ന 'തടങ്കലിന് ബദൽ' (Alternatives to Detention) എന്ന ബൈഡൻ ഭരണകൂടത്തിൻ്റെ നയപ്രകാരം ഇയാളെ വിട്ടയക്കുകയായിരുന്നു.
സിങ്ങിന് യുഎസിൽ നിയമപരമായ കുടിയേറ്റ പദവിയില്ലെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചു. അറസ്റ്റിന് പിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (യുഎസ്‌ഐസിഇ) കുടിയേറ്റ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.