
ഹേഗ്: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ ആണവ ശേഷിയെ പൂർണ്ണമായും ഇല്ലാതാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു(West Asian conflict). ആക്രമണം രാജ്യത്തിന്റെ ആണവ പദ്ധതിയെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക ആക്രമണം നടത്തിയ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ തുടഗിയ ആണവകേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അവ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അവ പുനഃസ്ഥാപിക്കാൻ കഴിയുമെന്നും റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു.എന്നാൽ ഇത് പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ ട്രംപ് ഇറാനെതിരായ യുഎസ് ആക്രമണങ്ങളെ രണ്ടാം ലോക മഹായുദ്ധത്തിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ബോംബാക്രമണങ്ങളുമായി താരതമ്യം ചെയ്ത് സംസാരിച്ചത്.
"ഹിരോഷിമയുടെ ഉദാഹരണം ഞാൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല, നാഗസാക്കിയുടെ ഉദാഹരണവും ഞാൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് അടിസ്ഥാനപരമായി ഒരു യുദ്ധം അവസാനിപ്പിച്ച അതേ കാര്യമായിരുന്നു. ഇസ്രായേൽ-ഇറാൻ യുദ്ധം ഇതോടെ അവസാനിച്ചു. നമ്മൾ ആണവ കേന്ദ്രങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ, അവർ ഇപ്പോൾ യുദ്ധം ചെയ്യുമായിരുന്നു" - ട്രംപ് വ്യക്തമാക്കി.