വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം ഉൾപ്പെടെ ലോകത്തെ എട്ടോളം യുദ്ധങ്ങൾ താൻ ഇടപെട്ട് അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫ്‌ളോറിഡയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഇത്രയധികം സമാധാന നീക്കങ്ങൾ നടത്തിയിട്ടും തനിക്ക് അർഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്ന നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.(I ended 8 wars and got no credit, Trump repeats claim)
വ്യാപാരക്കരാറുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം അവസാനിപ്പിച്ചത്. എന്നാൽ ഇതിനൊന്നും തനിക്ക് ക്രെഡിറ്റ് ലഭിക്കുന്നില്ലെന്ന് അദ്ദേഹം നെതന്യാഹുവിനോട് പറഞ്ഞു. അസർബൈജാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കിടയിലെ 35 വർഷത്തെ പോരാട്ടം താൻ ഒരു ദിവസം കൊണ്ട് പരിഹരിച്ചുവെന്നും, പത്ത് വർഷമായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യം എങ്ങനെ സാധിച്ചു എന്ന് പുടിൻ അത്ഭുതം പ്രകടിപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു.
വ്യാപാരം നിർത്തിവെക്കുമെന്ന താക്കീതും 200 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയുമാണ് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഭീഷണി മുഴക്കി അടുത്ത ദിവസം തന്നെ അവർ സമാധാനത്തിന് തയ്യാറായി വിളിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചതായി കഴിഞ്ഞ മേയ് പത്തിന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഇത് 70-ലധികം തവണ അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യ ഈ അവകാശവാദം നിരന്തരമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്നും പാകിസ്താനുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കൂ എന്നുമാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. ഫ്ലോറിഡയിലെ കൂടിക്കാഴ്ചയിൽ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തുടങ്ങിയ പ്രമുഖരും പങ്കെടുത്തിരുന്നു.