ന്യൂയോർക്ക്: ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് അമേരിക്കൻ സൈന്യം തടവിലാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കി. തടവുകാരുടെ വേഷത്തിൽ കോടതിയിലെത്തിയ മഡൂറോ, താൻ നിരപരാധിയാണെന്നും ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണെന്നും കോടതിയെ അറിയിച്ചു.(I am innocent, I'm the President of Venezuela, Nicolas Maduro dressed as a prisoner in court)
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ നാല് കുറ്റങ്ങളാണ് 63-കാരനായ മഡൂറോയ്ക്കെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. നാർക്കോ ഭീകരവാദം അഥവാ ലഹരി മാഫിയകളുമായി ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്ക് ഒത്താശ നൽകി എന്നത്. മെക്സിക്കൻ ലഹരി കാർട്ടലുകളായ സിനലോവ, സെറ്റാസ് എന്നിവയ്ക്കും കൊളംബിയൻ എഫ്.എ.ആർ.സി (FARC) വിമതർക്കും വെനസ്വേലൻ ക്രിമിനൽ സംഘമായ 'ട്രെൻ ഡേ അരാഗുവ'യ്ക്കും ഒപ്പം ചേർന്ന് കൊക്കെയ്ൻ കടത്തിന് കൂട്ടുനിന്നു. നിരോധിക്കപ്പെട്ട മെഷീൻ ഗണ്ണുകളും മാരകശേഷിയുള്ള ആയുധങ്ങളും കൈവശം വെച്ചു.
മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഭാര്യ സീലിയ ഫ്ലോറെസിനൊപ്പമാണ് മഡൂറോയെ ഹാജരാക്കിയത്. സ്പാനിഷ് ഭാഷയിൽ സംസാരിച്ച മഡൂറോയ്ക്ക് വേണ്ടി പരിഭാഷകൻ കാര്യങ്ങൾ വിശദീകരിച്ചു. താൻ മാന്യനായ വ്യക്തിയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാദിച്ചു. കേസ് പരിഗണിക്കുന്നത് മാർച്ച് 17-ലേക്ക് കോടതി മാറ്റിയിരിക്കുകയാണ്.
മഡൂറോയെ കോടതിയിൽ ഹാജരാക്കുന്ന സമയത്ത് കോടതി പരിസരത്ത് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയിരുന്നു. മഡൂറോ അമേരിക്കൻ കസ്റ്റഡിയിലായതോടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റു. താൻ മഡൂറോയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയെങ്കിലും, അമേരിക്കയുടെ ഈ നീക്കത്തിനെതിരെ എന്ത് നടപടിയാണ് വെനസ്വേല സ്വീകരിക്കുക എന്ന കാര്യത്തിൽ അവർ ഇതുവരെ സൂചന നൽകിയിട്ടില്ല.