

വാഷിംഗ്ടൺ: റഷ്യൻ അതിർത്തിയോട് ചേർന്നുള്ള ബെലാറസിലെ (Belarus) ക്രിചെവ് വ്യോമതാവളത്തിൽ റഷ്യ തങ്ങളുടെ ആണവ വാഹക ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലുകൾ വിന്യസിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ. പ്ലാനറ്റ് ലാബ്‌സ് (Planet Labs) പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ അടിസ്ഥാനമാക്കി മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ വിവരം പുറത്തുവിട്ടത്. ഏകദേശം 5,500 കിലോമീറ്റർ ദൂരപരിധിയുള്ള 'ഒരേഷ്നിക്' മിസൈലുകൾ ഇവിടെ നിന്ന് തൊടുത്താൽ യൂറോപ്പിലെ ഏത് കോണിലും സെക്കൻഡുകൾക്കുള്ളിൽ നാശം വിതയ്ക്കാൻ റഷ്യക്ക് സാധിക്കും.
ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഒരേഷ്നിക് മിസൈലുകളെ തടയാൻ നിലവിലെ മിസൈൽ വിരുദ്ധ സംവിധാനങ്ങൾക്ക് കഴിയില്ലെന്ന് വ്ളാഡിമിർ പുടിൻ അവകാശപ്പെടുന്നു. യുക്രെയ്ന് പാശ്ചാത്യ രാജ്യങ്ങൾ ആയുധങ്ങൾ നൽകുന്നതിനെ പ്രതിരോധിക്കാനും നാറ്റോ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനുമാണ് റഷ്യയുടെ ഈ നീക്കം. ശീതയുദ്ധത്തിന് ശേഷം ആദ്യമായാണ് റഷ്യ സ്വന്തം രാജ്യത്തിന് പുറത്ത് ആണവായുധങ്ങൾ വിന്യസിക്കുന്നത്.
ആഗസ്റ്റ് മാസം മുതൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. മിസൈലുകൾ കൊണ്ടുവരാൻ പ്രത്യേക റെയിൽവേ സംവിധാനവും മിസൈൽ ലോഞ്ചറുകൾ ഒളിപ്പിച്ചു വെക്കാനുള്ള കോൺക്രീറ്റ് പ്ലാറ്റ്‌ഫോമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബെലാറസിൽ മിസൈലുകൾ വിന്യസിക്കുന്നത് സൈനികമായ ആവശ്യത്തേക്കാൾ ഉപരിയായി പാശ്ചാത്യ രാജ്യങ്ങൾക്കുള്ള ശക്തമായ രാഷ്ട്രീയ മുന്നറിയിപ്പാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
U.S. researchers, using satellite imagery from Planet Labs, have identified a disused airbase in eastern Belarus near Krichev as a likely site for Russia's new nuclear-capable Oreshnik hypersonic missiles. With a range of up to 3,400 miles, these missiles could strike targets across Europe and are reportedly impossib le to intercept due to speeds exceeding Mach 10.