കരീബിയൻ: ജമൈക്കയിൽ കരതൊട്ട മെലിസ ചുഴലിക്കാറ്റ് കരീബിയൻ ദ്വീപുകളിൽ കനത്ത നാശനഷ്ടം വിതച്ചു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ആകെ മരണം 30 കവിഞ്ഞു. ഹെയ്തിയിലാണ് കൂടുതൽ ആൾനാശമുണ്ടായത്; അവിടെ 25 പേർ മരിക്കുകയും 18 പേരെ കാണാതാവുകയും ചെയ്തു. (Hurricane Melissa, Devastation in Caribbean countries)
പ്രളയത്തിൽ വീടുകൾ തകർന്നാണ് ഹെയ്തിയിൽ ഭൂരിഭാഗം മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ജമൈക്കയിൽ എട്ടുപേരാണ് മരിച്ചത്.പടിഞ്ഞാറൻ ജമൈക്കയിലാണ് കൊടുങ്കാറ്റ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ താറുമാറാവുകയും ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ, വൈദ്യുതി ലൈനുകൾ എന്നിവ തകരുകയും ചെയ്തു.
നിരവധിപേർ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ക്യൂബയിലെ തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും മെലിസ നാശനഷ്ടങ്ങളുണ്ടാക്കി. ഇവിടെയും വീടുകൾ തകരുകയും മണ്ണിടിച്ചിലിൽ മലമ്പാതകൾ തടസ്സപ്പെടുകയും ചെയ്തു. മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി അഞ്ചിൽപ്പെട്ട കൊടുങ്കാറ്റായാണ് മെലിസ ആദ്യം തീരത്ത് വീശിയടിച്ചത്.
പിന്നീട്, കാറ്റിന്റെ ശക്തി കുറഞ്ഞ് മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റായി മാറി.നിലവിൽ, മെലിസയുടെ ശക്തി വീണ്ടും കുറഞ്ഞിട്ടുണ്ട്. ഇത് കാറ്റഗറി ഒന്നിൽപ്പെട്ട കൊടുങ്കാറ്റായി ബഹാമസിലൂടെ കടന്നുപോവുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് അടച്ചിട്ടിരുന്ന കിങ്സ്റ്റൺ വിമാനത്താവളം ഇന്ന് പ്രവർത്തനം പുനരാരംഭിക്കും.