

സിഡ്‌നി: ദക്ഷിണ പൂർവ്വേഷ്യൻ ഓസ്‌ട്രേലിയയിൽ ദിവസങ്ങളായി തുടരുന്ന കാട്ടുതീയിൽ ഒരാൾ കൊല്ലപ്പെട്ടു (Australia Bushfires). വിക്ടോറിയയിലെ ലോങ്‌വുഡ് നഗരത്തിന് സമീപം ഒരു വാഹനത്തിനുള്ളിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 2019-20 കാലഘട്ടത്തിലെ 'ബ്ലാക്ക് സമ്മർ' കാട്ടുതീക്ക് ശേഷം മേഖലയിലുണ്ടാകുന്ന ഏറ്റവും ഭീകരമായ അവസ്ഥയാണിതെന്ന് അധികൃതർ വിലയിരുത്തുന്നു.
വിക്ടോറിയയിൽ മാത്രം 3,50,000 ഹെക്ടറിലധികം വനഭൂമി ഇതിനോടകം കത്തിനശിച്ചു. മുന്നൂറിലധികം വീടുകളും കെട്ടിടങ്ങളും തകരുകയും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ലോങ്‌വുഡ് മേഖലയിൽ കാണാതായ മൂന്ന് പേരെ പിന്നീട് സുരക്ഷിതരായി കണ്ടെത്തി. ഹാർകോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മറ്റൊരു വ്യക്തിയുടെ മരണം തീപിടുത്തവുമായി നേരിട്ട് ബന്ധമുള്ളതല്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിക്ടോറിയയിൽ 'സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റർ' പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത ചൂടും കാറ്റും അഗ്നിശമന സേനാംഗങ്ങളുടെ നീക്കങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ദുരിതബാധിതരായ താമസക്കാർക്കും കർഷകർക്കും അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. ആയിരക്കണക്കിന് കന്നുകാലികൾ കാട്ടുതീയിൽ ചത്തൊടുങ്ങിയതായാണ് റിപ്പോർട്ട്. മെൽബൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കാട്ടുതീയെത്തുടർന്നുള്ള പുക ശ്വസനപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. തീ നിയന്ത്രണവിധേയമാക്കാൻ ആഴ്ചകളോളം എടുത്തേക്കാമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
Human remains have been discovered in a vehicle near Longwood, Victoria, as Australia battles its worst bushfires since the 2019-2020 Black Summer. The blazes have destroyed over 350,000 hectares of land and hundreds of structures, prompting the state government to declare a State of Disaster. Prime Minister Anthony Albanese has pledged emergency funding for residents and farmers, as thousands of livestock are feared dead amid the ongoing heatwave.