
ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഉദൈദ് വ്യോമ താവളത്തിൽ മിസൈലുകൾ പതിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ബാലിസ്റ്റിക് മിസൈലുകൾ അയച്ചായിരുന്നു ഇറാൻ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം , ജനവാസ മേഖലയിൽ മിസൈൽ പതിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇന്ന് വൈകീട്ട് 6.45ഓടെ ഖത്തർ വ്യോമ പരിതി അടച്ചതായി വാർത്തകൾ വന്നതിനു പിന്നാലെയാണ് മിസൈൽ ആക്രമണം ആരംഭിച്ചത്. തലസ്ഥാനമായ ദോഹയിലും അൽ വക്റ, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ ജനവാസ മേഖലയിലും വലിയ ശബ്ദം അനുഭവപ്പെട്ടു. രാത്രി 7.30ഓടെ ആകാശത്ത് മിസൈലുകൾ ദൃശ്യമാകുന്നതും മിസൈൽവേധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതും ദൃശ്യമായതായും റിപ്പോർട്ട്ഉണ്ട്.