വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് ഹുസൈൻ അൽ-ഷറായും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ട്രംപിന്റെ നർമ്മം കലർന്ന ചോദ്യം ശ്രദ്ധേയമായി. ട്രംപിന്റെ ചോദ്യം "നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്?" എന്നായിരുന്നു.(How many wives do you have? Trump's question to Syrian President)
സന്ദർശനത്തിനിടെ ട്രംപ് തൻ്റെ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കിയ 'വിക്ടറി 45-47' എന്ന പെർഫ്യൂമിന്റെ രണ്ട് കുപ്പികൾ അൽ-ഷറാക്ക് സമ്മാനിച്ചു. തുടർന്ന് സിറിയൻ പ്രസിഡൻ്റിൻ്റെ ശരീരത്തിൽ അദ്ദേഹം തന്നെ പെർഫ്യൂം സ്പ്രേ ചെയ്യുകയും ചെയ്തു. "ഏറ്റവും മികച്ച സുഗന്ധം" എന്നാണ് ട്രംപ് തൻ്റെ പെർഫ്യൂമിനെ വിശേഷിപ്പിച്ചത്.
പെർഫ്യൂം നൽകിയതിന് പിന്നാലെ ട്രംപ് അൽ-ഷറായോട് പറഞ്ഞു, "മറ്റേത് നിങ്ങളുടെ ഭാര്യക്കുള്ളതാണ്." തുടർന്ന് ചിരിച്ചുകൊണ്ടാണ് അടുത്ത ചോദ്യം വന്നത്: "നിങ്ങൾക്ക് എത്ര ഭാര്യമാരുണ്ട്?" ഇതിനു മറുപടിയായി അൽ-ഷറാ "ഒന്ന് മാത്രം" എന്ന് വ്യക്തമാക്കി.
"നിങ്ങളുടെ കാര്യത്തിൽ എനിക്കൊരിക്കലും ഉറപ്പില്ല," എന്നായിരുന്നു ട്രംപിന്റെ തമാശ രൂപേണയുള്ള മറുപടി. സിറിയൻ സുന്നി മുസ്ലീം കുടുംബത്തിൽ ജനിച്ച അഹമ്മദ് ഹുസൈൻ അൽ-ഷറാ, 2003-ലെ ഇറാഖ് അധിനിവേശത്തിന് തൊട്ടുമുമ്പ് അൽ-ഖ്വയ്ദയിൽ ചേർന്ന് മൂന്ന് വർഷം ഇറാഖി കലാപത്തിൽ പോരാടിയിരുന്നു. 2006 മുതൽ 2011 വരെ അമേരിക്കൻ സൈന്യം അദ്ദേഹത്തെ പിടികൂടി ജയിലിലടച്ചു. അൽ-ഖ്വയ്ദ യു.എസിൽ നടത്തിയ 9/11 ആക്രമണത്തെ ന്യായീകരിച്ച് കൊണ്ട് അൽ-ഷറാ നടത്തിയ അഭിമുഖം നേരത്തെ വിവാദമായിരുന്നു.