സുഡാനിൽ അതിഭീകര സാഹചര്യം: കൂട്ടക്കൊല ചെയ്തത് കുട്ടികളടക്കം 2000 പേരെ; ലോക രാജ്യങ്ങൾ മൗനത്തിൽ | Sudan

ഇവരെ നിരത്തി നിർത്തി ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തി കൂട്ടമായി കുഴിച്ചിട്ടതായും യു.എൻ. സ്ഥിരീകരിച്ചിട്ടുണ്ട്.
സുഡാനിൽ അതിഭീകര സാഹചര്യം: കൂട്ടക്കൊല ചെയ്തത് കുട്ടികളടക്കം 2000 പേരെ; ലോക രാജ്യങ്ങൾ മൗനത്തിൽ | Sudan
Published on

ഖാർത്തൂം : ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിൽ അതിഭീകരമായ കൂട്ടക്കൊലകൾ തുടരുന്നതായി ഐക്യരാഷ്ട്ര സഭ. രാജ്യത്തിൻ്റെ അധികാരം പിടിക്കാൻ പൊരുതുന്ന തീവ്ര സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്.എഫ്.) ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച് കൊല്ലുന്നതിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടികളടക്കം 2000-ത്തോളം പേരെയാണ് കൂട്ടക്കൊല ചെയ്തതെന്നാണ് റിപ്പോർട്ട്.(Horrific situation in Sudan, 2000 people, including children, were massacred)

ഈ കൊടും ക്രൂരത അരങ്ങേറിയിട്ടും ലോക രാജ്യങ്ങൾ മൗനം പാലിക്കുന്നതിൽ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. പ്രാണരക്ഷാർത്ഥം പതിനായിരങ്ങളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നത്.

ഏകദേശം അഞ്ച് കോടി ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യമായ സുഡാനിൽ കഴിഞ്ഞ ഒരു വർഷമായി സുഡാൻ സായുധ സേനയും ആർ.എസ്.എഫ്. എന്ന സായുധ സംഘടനയും തമ്മിലാണ് അധികാരത്തിനായി പോരടിക്കുന്നത്.

സുഡാൻ സായുധ സേനയുടെ കൈവശമുണ്ടായിരുന്ന എൽ ഫാഷർ പ്രദേശത്തെ ശക്തികേന്ദ്രം കഴിഞ്ഞ ഞായറാഴ്ച ആർ.എസ്.എഫ്. പിടിച്ചെടുത്തതോടെയാണ് ഏറ്റുമുട്ടൽ വീണ്ടും ശക്തമായത്. എൽ ഫാഷർ പിടിച്ചടക്കിയതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്.

പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ഒരു ആശുപത്രിയിലും ആർ.എസ്.എഫ്. കൂട്ടക്കൊല നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അൽ-ഫാഷറിലെ സൗദി മെറ്റേണിറ്റി ആശുപത്രിയിൽ 460-ൽ അധികം രോഗികളെയും കൂട്ടിരിപ്പുകാരെയും കൊലപ്പെടുത്തിയതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സ്ഥിരീകരിച്ചു.

നഗരത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിച്ച് നിർത്തി, പുരുഷന്മാരെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ആർ.എസ്.എഫ്. നേരത്തേയും നിരവധി വംശഹത്യ നടത്തിയ ഇരുണ്ട ചരിത്രമുള്ള സംഘടനയാണ്. പിടിച്ചെടുത്ത സ്ഥലങ്ങളിലെ ന്യൂനപക്ഷങ്ങളെയും എതിർത്തുനിൽക്കുന്നവരേയും നിരത്തി നിർത്തി ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തി കൂട്ടമായി കുഴിച്ചിട്ടതായും യു.എൻ. സ്ഥിരീകരിച്ചിട്ടുണ്ട്.

സുഡാനിലെ 90 ശതമാനം അറബ് വംശജരും 5 ശതമാനം ക്രിസ്തുമത വിശ്വാസികളും 5 ശതമാനം പ്രാദേശിക വംശീയ വിഭാഗവുമാണ്. ഇതിൽ തങ്ങൾക്കെതിരെ നിൽക്കുന്ന കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെയാണ് ലക്ഷ്യമിടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com