ഹോങ്കോങ്ങ്: ജനാധിപത്യ പാർട്ടികൾ ഒടുവിൽ ചൈനീസ് ഏകാധിപത്യത്തിന്റെ ഭീഷണിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. ചൈനീസ് സമ്മർദ്ദത്തെ തുടർന്ന് ഹോങ്കോങ്ങിലെ അവസാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ 97 ശതമാനം പേരും പാർട്ടി പിരിച്ചുവിടുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.(Hong Kong's last major opposition party has fallen)
അസാധാരണമായ പൊതുയോഗത്തിന് ശേഷം നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം പേരും പിരിച്ചുവിടലിനെ അനുകൂലിച്ചു. 121 വോട്ടുകളിൽ 117 പേരും പിരിച്ചുവിടലിനെ അനുകൂലിച്ചു. 4 പേർ വിട്ടുനിന്നു. പാർട്ടി പിരിച്ചുവിടുകയാണെന്ന് ചെയർമാൻ ലോ കിൻ ഹെയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹോങ്കോങ്ങിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് സഞ്ചരിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്," അദ്ദേഹം പറഞ്ഞു.
പാർട്ടി പിരിച്ചുവിടാൻ ആവശ്യപ്പെട്ട് ചൈനീസ് ഇടനിലക്കാർ തങ്ങളെ സമീപിച്ചെന്നും, അല്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുതിർന്ന പാർട്ടി അംഗങ്ങൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. 1997-ൽ ബ്രിട്ടൻ ഹോങ്കോങ്ങിനെ ചൈനയ്ക്ക് കൈമാറുമ്പോഴാണ് 'ഒരു രാജ്യം, രണ്ട് സംവിധാനം' എന്ന ആശയം നിലവിൽ വന്നത്.
1994-ൽ സ്ഥാപിതമായ ഡെമോക്രാറ്റിക് പാർട്ടി ഹോങ്കോങ്ങിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടിയിരുന്ന ഇവർ ജനാധിപത്യ പരിഷ്കാരങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടു. 2019 മുതൽ ഹോങ്കോങ്ങിന്റെ ഭരണത്തിൽ ചൈന പിടിമുറുക്കാനുള്ള ശ്രമം കർശനമാക്കി. ഇതോടെ ഹോങ്കോങ്ങിലെമ്പാടും ജനകീയ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ ഉയർന്നു. എന്നാൽ ചൈനീസ് സൈനിക വ്യൂഹങ്ങൾ ഹോങ്കോങ്ങിന്റെ തെരുവുകളിലിറങ്ങുകയും ഈ പ്രതിഷേധങ്ങളെ മൃഗീയമായി അടിച്ചമർത്തുകയും ചെയ്തു.