

ലോകത്തെ നടുക്കിയ നിരവധി കൊലയാളികളെയും അവരുടെ കൊലപാത പാരമ്പരകളെ പറ്റിയും നിങ്ങൾ കേട്ടിട്ടുണ്ടാകാം. തഗ് ബെഹ്‌റം, ഹാരോൾഡ് ഷിപ്‌മാൻ, സോഡിയാക് കില്ലർ, ജാവേദ് ഇക്ബാൽ എന്നിങ്ങനെ മാവികതയുടെ ഏടുകളിൽ ഇരുണ്ട അടയാളങ്ങൾ തീർത്ത കൊലപാതകികൾ നിരവധിയാണ്. എന്നാൽ ചരിത്രത്തിന്റെ ഏടുകളിൽ ഭീതിയുടെ നിഴലായി വിഹരിക്കുന്ന ഒരു കൊടും കുറ്റവാളി. തന്റെ ഇരകളെ കൊലപ്പെടുത്തിയ ശേഷം ശവശരീരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു തുടർന്ന് മൃതദേഹം വെട്ടിനുറുക്കി ആസിഡിൽ നിക്ഷേപിക്കുന്നു. ഒരു വിജയ സ്മാരകം എന്നപോലെ ഇരകളുടെ തലയും ജനനേന്ദ്രിയവും മുറിച്ച് സൂക്ഷിക്കുന്നു. പതിമൂന്ന് വർഷം കൊണ്ട് പതിനേഴ് പുരുഷന്മാരുടെ ജീവൻ അപഹരിച്ച ജെഫ്രി ഡാമർ (Jeffrey Dahmer) എന്ന സ്വവർഗാനുരാഗിയായ സൈക്കോകില്ലർ.
ലോകത്ത് ഏറ്റവും പ്രശസ്തരായ പരമ്പര കൊലയാളികളുടെ പട്ടികയിൽ പ്രധാനിയാണ്. ജെഫ്രി ഡാമർ. തൻ്റെ ഇരകളെ നിയന്ത്രിക്കുവാനും അവരുടെമേൽ ആധിപത്യം സ്ഥാപിക്കുവാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന ജെഫ്രി മനോരോഗിയായ കൊലയാളിയായിരുന്നു. ശാരീരികമായി ഇരകളെ തകർക്കുക എന്നതിനും അപ്പുറം അവരെ മാനസികമായി അടിമപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ജെഫ്രിക്ക് ഖ്യാതി നേടി കൊടുത്തത് അയാളുടെ കൊലപാത രീതികൾ തന്നെയായിരുന്നു. കുട്ടികാലം മുതലേ ശവശരീരങ്ങളോടുള്ള വല്ലത്ത താൽപ്പര്യം ജെഫ്രിയെ കൊണ്ടെത്തിച്ചത് നീചമായ നരവേട്ടയിലേക്കായിരുന്നു.
ബാല്യം മുതലേ കൊലയാളിയുടെ മനോഭാവം
1960 മെയ് 21 ന് അമേരിക്കയിലെ മിൽവോക്കിയിലായിരുന്നു (Milwaukee) ജെഫ്രി ഡാമറിന്റെ ജനനം. കുഞ്ഞു ജെഫ്രിയുടെ ബാല്യം സന്തോഷം നിറഞ്ഞതായിരുന്നു. ഗവേഷണ രസതന്ത്രജ്ഞനായിരുന്നു അച്ഛൻ ലയണൽ ഹെർബർട്ട് ഡാമർ ചത്ത ചെറു ജീവികളുടെ ശരീരങ്ങൾ കുപ്പിയിലിട്ട് സൂക്ഷിച്ച് വയ്ക്കുമായിരുന്നു. അച്ഛൻ ഇങ്ങനെ പ്രാണികളുടെ ശരീരം സൂക്ഷിക്കുന്നത് വളരെ കൗതുകത്തോടെയാണ് ജെഫ്രി നോക്കികണ്ടിരുന്നത്. എന്നാൽ ആ അച്ഛൻ ഒരിക്കലും കരുതിയില്ല മകന്റെ ഈ കൗതുകം ഭാവിയിൽ അവനെ കുപ്രസിദ്ധ സീരിയൽ കില്ലർ എന്ന പരിവേഷം നേടികൊടുക്കുമെന്ന്.
ജെഫ്രി വീട്ടിൽ അച്ഛൻ ഇല്ലാത്ത തക്കം നോക്കി കളിക്കുവാനായി അച്ഛൻ സൂക്ഷിച്ചുവച്ചിരുന്ന പ്രാണികളെ പലപ്പോഴും എടുത്തിരുന്നു. ആ ചെറു ജീവികളുടെ ശരീരത്തിനുള്ളിൽ എന്താണ് എന്ന അറിയുവാനുള്ള ആകാംഷയായിരുന്നു അവനിൽ. മൃഗങ്ങളുടെ അസ്ഥികൾ ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കുവാനും സൂക്ഷിക്കാനും ജെഫ്രി പഠിപ്പിച്ചതും അച്ഛനിൽ നിന്നായിരുന്നു.
പതിയെ പതിയെ ഈ ആകാംഷ അവനെ കൊണ്ടെത്തിച്ചത് വല്ലാത്തൊരു മാനസികവിഭ്രാന്തിയിലായിരുന്നു. വഴിയോരത്ത് ചത്ത് കിടന്ന പട്ടിയെയും പൂച്ചയെയും വീട്ടിൽ കൊണ്ടുവരുന്നു, കത്തി ഉപയോഗിച്ച് അവയുടെ ശരീരം കീറി മുറിക്കുന്നു. ശേഷം ആന്തരിക അവയവങ്ങൾ ഓരോന്നായി പുറത്തെടുക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ജെഫ്രിയുടെ മനസ്സിൽ ജിജ്ഞാസയും സന്തോഷവും നിറച്ചിരുന്നു. ആദ്യമൊക്കെ ചത്ത മൃഗങ്ങളായിരുന്നു പരീക്ഷണ വസ്തു എന്നാൽ പതിയെ ആ ശീലം മാറുന്നു. സ്വയം മൃഗങ്ങളെ കൊല്ലുന്നു. ഇങ്ങനെ സ്വയം കൊലപ്പെടുത്തിയ മൃഗങ്ങളുടെ ശരീരവും വെട്ടി കിറുന്നതിലൂടെ വല്ലാത്തൊരു ആനന്ദം ജെഫ്രി കണ്ടെത്തിയിരുന്നു. ജെഫ്രിയുടെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും പ്രസക്തമായ വഴിതിരിവ് അവന്റെ മാതാപിതാക്കളുടെ വിവാഹമോചനമായിരുന്നു. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ ജെഫ്രി ഒറ്റയ്ക്കു ഒരു വീട്ടിൽ താമസം ആരംഭിക്കുന്നു. എല്ലാത്തിന്റെയും തുടക്കവും ആ വീട്ടിൽ നിന്നായിരുന്നു.
ആദ്യത്തെ അരുംകൊല
1978 -ൽ ആയിരുന്നു ജെഫ്രിയുടെ ആദ്യ കൊലപാതകം. സ്റ്റീവൻ മാർക്ക് ഹിക്ക്സ് ( Steven Mark Hicks) എന്ന പതിനെട്ടുവയസുകാരനെ ജെഫ്രി വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്നു. സ്റ്റീവനെ നല്ലരീതിയിൽ തന്നെ ജെഫ്രി സൽക്കരിക്കുന്നു. അവർ ഇരുവരും ഏറെ നേരം സംസാരിച്ചു. ഒടുവിൽ നേരം വൈകിയപ്പോൾ തനിക്ക് വീട്ടിൽ പോകണം എന്ന സ്റ്റീവൻ ആവശ്യപ്പെടുന്നു. ജെഫ്രി പറ്റില്ല എന്ന മറുപടി നൽകി. തനിക്ക് വീട്ടിൽ പോകണം എന്ന് സ്റ്റീവൻ ഉറപ്പിച്ചു പറയുന്നു. പൊടുന്നനെ യാതൊരു പ്രകോപനവും ഇല്ലാതെ ജെഫ്രി ഒരു ഡംബെൽ കൊണ്ട് സ്റ്റീവിന്റെ തലയ്ക്ക് അടിക്കുന്നു. അടിയേറ്റ് ബോധരഹിതനായി വീണ സ്റ്റീവിനെ കഴുത്തുഞെരിച്ച് ജെഫ്രി കൊല്ലുന്നു. സ്റ്റീവിന്റെ ശവശരീരത്തിൽ നിന്ന് കൊണ്ട് ജെഫ്രി സ്വയംഭോഗത്തിൽ ഏർപ്പെടുന്നു.
സ്റ്റീവ് കൊല്ലപ്പെട്ട മണിക്കൂറുകൾക്ക് ശേഷം ആ വീട്ടിന്റെ ബേസ്‌മെന്റിലേക്ക് ശവശരീരം വലിച്ചിഴച്ച് കൊണ്ടുപോകുന്നു. അടുത്ത ദിവസം വീട്ടിന്റെ പുറകുവശത്ത് ശവശരീരം മറവ് ചെയുന്നു. ആഴ്ചകൾ കടന്നു പോയി, ഒരു ദിവസം ജെഫ്രി സ്റ്റീവിന്റെ ശരീരം കുഴിച്ചു പുറത്തെടുക്കുന്നു. തുടർന്ന് ശവശരീരത്തിൽ നിന്നും മാംസവും എല്ലും വേർതിരിച്ചെടുക്കുന്നു. കുട്ടികാലത്ത് പട്ടിയെയും പൂച്ചയെയും കൊന്ന് പരിചയിച്ച ജെഫ്രിയെ സംബന്ധിച്ചടുത്തോളം ഇത് അത്രവലിയ ശ്രമകരമായ പ്രവർത്തിയായിരുന്നില്ല. സ്റ്റീവിന്റെ ശരീരത്തിൽ നിന്നും എല്ലുകളും മാംസവും പൂർണ്ണമായും വേർപ്പെടുത്തിയ ശേഷം മാംസം ആസിഡിൽ നിക്ഷേപിക്കുകയും, എല്ലുകൾ ചുറ്റിക കൊണ്ട് ഇടിച്ച് പൊടിക്കുന്നു.
മദ്യപാനവും മിലിറ്ററി ജീവിതവും ചോക്ലേറ്റ് ഫാക്ടറിയും
1979 -ൽ അച്ചന്റെ ഇഷ്ടപ്രകാരം ജെഫ്രി സൈന്യത്തിൽ ചേരുന്നു. എന്നാൽ അധികം വൈകാതെ തന്നെ തികഞ്ഞ മദ്യപാനിയായ ജെഫ്രിയെ സൈന്യത്തിൽ നിന്നും പുറത്താകുന്നു. അങ്ങനെ അച്ഛൻ ജെഫ്രിയെ അമ്മയുടെ അടുത്തേക്ക് പറഞ്ഞു വിടുന്നു. അവിടെ അമ്മയോടൊപ്പം ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്നു. ഫാക്ടറിയിൽ ഏവർകും പ്രിയങ്കരനായിരുന്നു ജെഫ്രി. പകൽ മാന്യനായി വിഹരിച്ച ജെഫ്രി രാത്രികാലങ്ങളിൽ അവന്റെ നായാട്ട് തുടർന്നു. സ്വവർഗാനുരാഗിയായ ജെഫ്രി രാത്രികാലങ്ങളിൽ തന്റെ കാമാസക്തി അടക്കുവാനായി അലഞ്ഞു തിരിഞ്ഞു. ഗേ ക്ലബ്ബുകളിൽ പങ്കാളിയെ തേടുന്നു, ഒടുവിൽ അയാളുടെ മുന്നിൽ ചെന്ന് പെടുന്ന പുരുഷന്മാരെ മയക്കുമരുന്നും മദ്യവും നൽകി ലൈംഗികമായി പീഡിപ്പിക്കുന്നു.
1987 നവംബറിൽ സ്റ്റീവൻ ടുമി ( Steven Tuomi) എന്ന 25 കാരനെ കൊലപ്പെടുത്തുന്നു. ആദ്യത്തെ കൊലപാതകത്തിന് സമാനമായി തന്നെ സ്റ്റീവന്റെ ശരീരവും മറവു ചെയുന്നു. സ്റ്റീവൻ ടുമിന്റെ കൊലപാതകം ഒരു തുടക്കമായി ജെഫ്രി കണക്കാക്കുന്നു. വികാരങ്ങളോ വിചാരങ്ങളോ അയാൾ പിടിച്ചുനിർത്തുന്നില്ല. രാത്രിയെന്നോ പക്കലെന്നോ ഇല്ലാതെ ജെഫ്രി ഇരകളെ തേടി നടന്നു. ജെഫ്രിയുടെ പ്രധാന ഇരകൾ സ്വവർഗാനുരാഗിയായ പുരുഷന്മാരായിരുന്നു. പണവും മദ്യവും ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്നുവരെ വാഗദാനം നൽകുന്നു. തന്ത്രത്തിൽ ഇരകളെ ജെഫ്രി വീട്ടിൽ കൂട്ടികൊണ്ടു വരുന്നു. പതിയെ അവരെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നു. ഇരകൾ മരണപ്പെട്ട ശേഷമാണ് അവരുമായി ജെഫ്രി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.
ഇരകളുടെ ശവശരീരത്തിന്റെ ചിത്രം പകർത്തി സൂക്ഷിച്ച കൊലപാതകി
ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരെ ലൈംഗികമായി പീഡിപ്പിക്കുന്നു. അതിന് ശേഷം അവരുടെ ചിത്രങ്ങൾ പകർത്തി സൂക്ഷിക്കുന്നു. ഇങ്ങനെ ഒന്നും രണ്ടുമല്ല തന്റെ എല്ലാ ഇരകളുടെയും വസ്ത്രങ്ങൾ ധരിച്ചതും വസ്ത്രമില്ലാതത്തുമായ നിരവധി ചിത്രങ്ങൾ പകർത്തി സൂക്ഷിക്കുന്നു. ജെഫ്രിയുടെ വീട്ടിലെ ഡ്രസ്സിംഗ് ടേബിളിലും ഫ്രീസറിലുമായാണ് ഈ ചിത്രങ്ങൾ സൂക്ഷിച്ചിരുന്നത്. ഇരകളുടെ വ്യത്യസ്ത പോസുകളുടെ ചിത്രങ്ങളായിരുന്നു, അവ തൻ്റെ ഇരകളോട് വല്ലാത്ത എന്തൊ ഒരു അടുപ്പം തോന്നിയിരുന്നു ജെഫ്രി ഇരകളുടെ ചിത്രങ്ങൾ മാത്രമായിരുന്നില്ല സൂക്ഷിച്ചിരുന്നത്. ഓരോ കൊല കഴിയുമ്പോഴും സ്മാരകം എന്ന പോലെ ഇരയുടെ തലയോ ജനനേന്ദ്രിയമോ വെട്ടിമാറ്റി സൂക്ഷിച്ച് വയ്ക്കുന്നു. ഇവയ്ക്ക് എല്ലാ അപ്പുറം ഇരകളുടെ മൃതദേഹം ജെഫ്രി ഭക്ഷിച്ചിരുന്നു. 1978 മുതൽ 1991 വരെയുള്ള കാലഘട്ടത്തിൽ 17 യുവാക്കളുടെ ജീവനാണ് ജെഫ്രി അപഹരിച്ചത്.
ഒടുവിൽ പിടിയിലാകുന്ന ജെഫ്രി
1991 ജൂലൈ 23, പട്രോളിംഗിലായിരുന്ന പോലീസ് കാറിന് മുന്നിലേക്ക് പൂർണ്ണ നഗ്നനായ ഒരു ചെറുപ്പകാരൻ ഓടിവരുന്നു. ആ യുവാവ് പോലീസിന്റെ അടുത്ത് ഓടിയെത്തിയ ശേഷം ഭീതിയോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആദ്യമൊന്നും അവർക്ക് ആ യുവാവ് പറയുന്നത് ഒന്നും മനസിലാകുന്നില്ല. എന്നാൽ പതിയെ ആ യുവാവ് പറയുന്നതിൽ എന്തോ വസ്തുത ഉണ്ടെന്ന് പോലീസിനും മനസിലാകുന്നു. ട്രേസി എഡ്വേര്‍ഡ് എന്ന 32 കാരൻ ജെഫ്രി ഒരുക്കിയ മരണക്കെണിയിൽ നിന്നും രക്ഷപ്പെട്ട എത്തിയത് പോലീസിന്റെ മുൻപിൽ.
പോലീസ് ട്രേസി എഡ്വേര്‍ഡിനെയും കൂട്ടി ജെഫ്രിയുടെ വീട്ടിൽ എത്തുന്നു. ജെഫ്രി ആക്രമിക്കുവാൻ ശ്രമിച്ചു എന്ന് ട്രേസി എഡ്വേര്‍ഡ് പോലീസിനോട് പറയുന്നു. എന്നാൽ ട്രേസി പറയുന്നത് പോലെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന മട്ടിലായിരുന്നു ജെഫ്രിയുടെ പെരുമാറ്റം. വീടൊക്കെ ഒന്ന് ചുറ്റിക്കണ്ട പോലീസിന് എന്തോ പന്തികേട് തോന്നുന്നു. അന്ന് ജെഫ്രി പകർത്തി സൂക്ഷിച്ച ഇരകളുടെ ചിത്രം തന്നെ അയാളെ കുരുക്കുന്നു. ഒരു ഡ്രോയറിനുള്ളിൽ മനുഷ്യന്റെ വെട്ടിമുറിച്ച ശരീരത്തിന്റെ പല ഭാഗങ്ങളുടെ ചിത്രങ്ങൾ കണ്ടുകിട്ടുന്നു. ജെഫ്രിയെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ആ അപ്പാർട്മെന്റിൽ ഉടനീളം പരിശോധന നടത്തിയ പോലീസുകർ അകെ ഞെട്ടുന്നു. രണ്ട് അസ്ഥികൂടങ്ങൾ, ഒരു ജോഡി മുറിച്ചുമാറ്റിയ കൈകൾ, മുറിച്ചുമാറ്റിയ രണ്ട് പുരുഷ ജനനേന്ദ്രിയങ്ങൾ, ഒരു തലയോട്ടി, 57 ഗാലൺ ആസിഡ് വീപ്പ, ആസിഡ് ലായനിയിൽ നിന്നും ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ എന്നിവ പോലീസ് കണ്ടെത്തി. ഇരകളുടെ അവയവഛേദം വിശദീകരിക്കുന്ന 74 പോളറോയിഡ് ചിത്രങ്ങളും ആ വീട്ടിൽ നിന്നും ലഭിക്കുന്നു.
അന്വേഷണ വേളയിൽ പോലീസ് ചോദിച്ച എല്ലാ ചോദ്യത്തിനും ജെഫ്രി കൃത്യമായ മറുപടി നൽകുന്നു. 1978 മുതൽ 1991 വരെ ജെഫ്രി നടത്തിയ ഓരോ കൊലപാതകങ്ങളും അയാൾ ഏറ്റുപറയുന്നു. 13 വർഷം കൊണ്ട 17 പേരെ കൊലപ്പെടുത്തിയ കണക്ക് ജെഫ്രി തന്നെ തുറന്നു പറയുന്നു. വൈകാതെ കോടതിയിൽ ജെഫ്രി കുറ്റക്കാരനാണ് എന്ന് തെളിയുന്നു. ഇത്രയൊക്കെ കുറ്റകൃത്യങ്ങൾ ചെയത് കുട്ടിയിട്ടും ജെഫ്രിക്ക് വിധിച്ചത് ജീവപര്യന്തമായിരുന്നു. ആ നാട്ടിൽ വധശിക്ഷ നിയമപരമായി നിരോധിച്ചിരുന്നത് കൊണ്ടാണ് ജെഫ്രിയുടെ ശിക്ഷാവിധി ജീവപര്യന്തത്തിൽ ചുരുങ്ങുന്നത്. തടവിലായി രണ്ടു വർഷങ്ങ്ൾക്ക് ഇപ്പുറം 1994-ൽ ഒരു സഹതടവുകാരൻ ജെഫ്രിയെ കൊല്ലപ്പെടുത്തുന്നു.
യാതൊരു മനസ്താപവുമില്ലാതെ ആ 17 പേരെയും താൻ തന്നെയാണ് കൊലപ്പെടുത്തിയത് എന്ന് ജെഫ്രി കോടതിയിൽ വെളിപ്പെടുത്തുന്നു. ജെഫ്രിക്ക് അയാൾ കൊലപ്പെടുത്തിയ യുവാക്കളുമായി യാതൊരു മുൻപരിചയവും ഉണ്ടായിരുന്നില്ല. ജെഫ്രി ഒരുക്കിയ കെണിയിൽ വീണ ഏതൊരാളും അയാളുടെ ഇരയായിരുന്നു. എന്തിനാണ് യുവാക്കളെ കൊന്നത് എന്ന ചോദ്യത്തിന് ജെഫ്രി നൽകിയ ഉത്തരം ആരെയും ഞെട്ടിക്കുന്നതായിരുന്നു. ശാരീരിക സംതൃപിതി എന്നതിനും അപ്പുറം തൻ്റെ ഇരകളെ നിയന്ത്രിക്കാനും അവരുടെമേൽ ആധിപത്യം സ്ഥാപിക്കുവാനും വേണ്ടിയാണ് ഇത്രയും പേരെ അയാൾ കൊന്നത്. ഒരു പക്ഷെ 1991-ൽ ജെഫ്രിയെ പോലീസ് പിടികൂടിയിരുന്നില്ല എങ്കിൽ പിന്നെയും നിരവധി മനുഷ്യരെ അയാൾ കൊന്നൊടുക്കുമായിരുന്നു എന്നത് തീർച്ചയാണ്.