

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വീണ്ടും വർദ്ധിക്കുന്നു. ജെനൈദ ജില്ലയിലെ കാളിഗഞ്ച് ഉപജില്ലയിൽ 40 വയസ്സുള്ള ഹിന്ദു വിധവയെ രണ്ട് സഹോദരങ്ങൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. മുടി മുറിച്ചുമാറ്റിയ ശേഷം ഇവരെ മരത്തിൽ കെട്ടിയിടുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഷഹീൻ, സഹോദരൻ ഹസ്സൻ എന്നിവരാണ് അക്രമികൾ. ഏകദേശം രണ്ടര വർഷം മുമ്പ് പ്രതികളിൽ നിന്ന് 20 ലക്ഷം ടാക്ക നൽകി ഇരയായ സ്ത്രീ ഒരു ഭൂമിയും രണ്ട് നില വീടും വാങ്ങിയിരുന്നു. ഇതിന് ശേഷം ഷഹീൻ ഇവരെ നിരന്തരം ശല്യം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ശനിയാഴ്ച വൈകുന്നേരം ബന്ധുക്കൾ സ്ത്രീയെ കാണാൻ വന്ന സമയത്താണ് പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറിയത്. ബന്ധുക്കളുടെ മുന്നിൽ വെച്ച് സ്ത്രീയെ പീഡിപ്പിച്ച ശേഷം ഇവർ 50,000 ടാക്ക (ഏകദേശം 37,000 ഇന്ത്യൻ രൂപ) ആവശ്യപ്പെട്ടു. സ്ത്രീ ബഹളം വെച്ചതോടെ ഇവരെ വലിച്ചിഴച്ച് പുറത്തുകൊണ്ടുപോയി മരത്തിൽ കെട്ടിയിടുകയും മുടി മുറിച്ചുമാറ്റുകയും ചെയ്തു. ബോധരഹിതയാകുന്നതുവരെ അക്രമികൾ മർദ്ദനം തുടർന്നതായാണ് വിവരം. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി ജെനൈദ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശരിയത്ത്പൂരിൽ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ട അതേ ദിവസം തന്നെയാണ് ഈ ക്രൂരതയും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ തുടർച്ചയായ അക്രമങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെനൈദ അഡീഷണൽ പോലീസ് സൂപ്രണ്ട് ബിലാൽ ഹുസൈൻ അറിയിച്ചു.