ഇന്ത്യയിൽ നിന്നുള്ള ദമ്പതികൾക്ക് അടുത്തിടെ വിയറ്റ്നാമിൽ വെച്ചുണ്ടായ അപ്രതീക്ഷിതമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വിയറ്റ്നാമിൽ നിന്നുള്ള ഒരു യുവാവ് അവരെ ഹിന്ദിയിൽ സ്വാഗതം ചെയ്യുകയും നിമിഷങ്ങൾക്കുള്ളിൽ ഗുജറാത്തി ഭാഷയിൽ സംസാരിക്കാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. യാത്രാ വ്ലോഗർ നിക്ക് സിന്ധവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സിന്ധവും ഭാര്യ മിറലും നാട്ടുകാരനായ യുവാവുമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. തനിക്ക് ഹിന്ദിയേക്കാൾ കൂടുതൽ ഭാഷ അറിയാമെന്നും യുവാവ് പറയുന്നുണ്ട്. ഒപ്പം ദമ്പതികളോട് വീട്ടിൽ ഏത് ഭാഷയാണ് സംസാരിക്കുന്നത് എന്നും ചോദിക്കുന്നു. (Vietnam)
മിറൽ ഗുജറാത്തിയാണ് സംസാരിക്കുന്നത് എന്ന് അവർ മറുപടി പറയുന്നു. ഒപ്പം സിന്ധവ് ഗുജറാത്തിയിൽ 'സുഖമാണോ' എന്നും ചോദിക്കുന്നു. നിമിഷങ്ങൾക്കുള്ളിലാണ് സിന്ധവിനെയും മിറലിനെയും ഞെട്ടിച്ചുകൊണ്ട് യുവാവ് ഗുജറാത്തിയിൽ തന്നെ 'സുഖമാണ്' എന്ന് മറുപടി പറയുന്നത്. ശേഷം യുവാവ് പൊട്ടിച്ചിരിക്കുന്നതും കാണാം. ശരിക്കും സിന്ധവും മിറലും യുവാവ് ഗുജറാത്തി പറയുന്നത് കേട്ട് അമ്പരന്ന് പോയി. വിയറ്റ്നാമിൽ വച്ചുണ്ടായ ഈ അനുഭവം തങ്ങളെ ഞെട്ടിച്ചു എന്നും ആദ്യം യുവാവ് ഹിന്ദിയിലും പിന്നീട് ഗുജറാത്തിയിലും സംസാരിച്ചു എന്നും വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നതും കാണാം.
നിരവധിപ്പേരാണ് രസകരമായ ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. താനും ഈ യുവാവിനെ കണ്ടിട്ടുണ്ട് എന്നാണ് ഒരു യൂസർ കമന്റ് നൽകിയത്. അന്ന് തന്നോട് ബാലികാ വധുവിന്റെ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. തന്റെ കയ്യിലെ വള കണ്ടപ്പോൾ ഇതുപോലെയുള്ള വളകൾ താൻ ബാലികാവധുവിലും കണ്ടതായും യുവാവ് പറഞ്ഞു എന്നും കമന്റിൽ പറയുന്നു. 'ബ്രോ തന്റെ സോഫ്റ്റ്‌വെയറിൽ ഗുജറാത്തി ഡൗൺലോഡ് ചെയ്യാൻ 2 സെക്കൻഡ് മാത്രമേ എടുത്തുള്ളൂ' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.