തെഹ്റാൻ: ഇറാനെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈനയുടെ യുഎൻ അംബാസഡർ ഫൂ കോങ്. രാജ്യത്തെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ഇസ്രായേലിന്റെ നടപടിയെന്ന് ഫൂ കോങ് കുറ്റപ്പെടുത്തി.
ഇസ്രായേൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്, അതിര് കടന്ന പ്രവർത്തിയാണ് ഇസ്രോയേൽ തുടരുന്നതെന്നും ഫൂ കോങ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ ചൈന ഒറ്റക്കെട്ടായി എതിർക്കുന്നു. ഇസ്രായേൽ നടപടികളുടെ അനന്തരഫലങ്ങളെക്കുറിച്ച് അവർക്ക് വളരെയധികം ആശങ്കയുണ്ടെന്നും ഫു കോങ് പറഞ്ഞു.
കഴിഞ്ഞ ദിവസം, പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സൈനിക നടപടികളെ അപലപിച്ച് യുഎന്നും അറബ് പാർലമെന്റും രംഗത്തെത്തിയിരുന്നു. ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പുറത്തുവിട്ട പ്രസ്താവനയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്റെ നിലപാട് വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, ഇറാനിലെ ആണവ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ അദ്ദേഹം പ്രത്യേകം ആശങ്കയും രേഖപ്പെടുത്തി. ഈ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അറബ് പാർലമെന്റും കുറ്റപ്പെടുത്തി.