'കുരിശുകൾ നിറഞ്ഞൊരു കുന്ന്, വിശ്വാസം കൊണ്ട് വളർന്ന ദേശം' ദേശീയതയുടെയും വിശ്വാസത്തിന്റെയും പ്രതീകമായ ലിത്വേനിയയിലെ ‘ഹിൽ ഓഫ് ക്രോസ്സ്’| Hill of Crosses

 Hill of Crosses
Published on

ലിത്വേനിയയിലെ ഷിയുലൈ നഗരത്തിന്റെ വടക്കേ അറ്റത്തായി വിചിത്രമായൊരു കുന്നുണ്ട്. കുന്ന് എന്ന് പറയുമ്പോൾ വസന്തകാലത്തിന്റെ വരവറിയിക്കുന്ന പൂക്കൾ കൊണ്ട് നിറഞ്ഞ കുന്നല്ല, മറിച്ച് ലക്ഷങ്ങൾക്കണക്കിന് കുരിശുകൾ നിറഞ്ഞിരിക്കുന്നു കുന്ന്. ചെറുതും വലുതുമായ കുരിശുകൾ, ഇരുമ്പ്, മരം, കല്ല് എന്നിങ്ങനെ വ്യത്യസ്ത വസ്തുക്കളിൽ പണിത ലക്ഷങ്ങൾക്കണക്കിന് കുരിശുകൾ. ഇതാണ് ലോകപ്രസിദ്ധമായ ഹിൽ ഓഫ് ക്രോസ്സ്, അഥവാ കുരിശുകളുടെ കുന്ന്. (Hill of Crosses)

ലിത്വാനിയൻ ജനതയുടെ പ്രതിരോധത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും ഏറ്റവും ശക്തമായ പ്രതീകമാണ് ഈ കുന്ന്. ലോകമെമ്പാടുമുള്ള വിശ്വാസികളെയും ചരിത്രപ്രേമികളെയും ഒരുപോലെ ആകർഷിക്കുന്ന ഈ കുന്ന്, ഒരു തീർത്ഥാടന കേന്ദ്രമായി ചുരുങ്ങുന്നില്ല, മറിച്ച് ഒരു രാജ്യത്തിന്റെ ആത്മാവാണ് ഇവിടം. ഈ കുന്നിലെ ഓരോ കുരിശിനും പറയാനുണ്ട് പ്രതിരോധത്തിന്റെ കഥ.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യമാണ് കുരിശുകളുടെ കുന്നിനുള്ളത്. ലിത്വേനിയയെ നൂറ്റാണ്ടുകളായ അടക്കിഭരിച്ചിരുന്ന റഷ്യൻ സാർ സാമ്രാജ്യത്തിനെതിരായ 1831 ലെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായാണ് ഇവിടെ ആദ്യമായി കുരിശുകൾ സ്ഥാപിക്കപ്പെട്ടത്. റഷ്യയുമായയുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട ലിത്വേനിയൻ പൗരന്മാരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനോ അടക്കം ചെയ്യാനോ കഴിയാതെ വന്നപ്പോൾ, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാനായി കുന്നിൽ കുരിശുകൾ സ്ഥാപിക്കാൻ തുടങ്ങി. അതോടെ, ഈ കുന്ന് ദുരന്തങ്ങളെയും നഷ്ടങ്ങളെയും ഓർമ്മിക്കാനുള്ള ഒരു വേദിയായി മാറി.

കാലക്രമേണ, ഓരോ യുദ്ധത്തിനു ശേഷവും, ഓരോ തോൽവിക്ക് ശേഷവും, ലിത്വാനിയക്കാർ ഇവിടെ കുരിശ് സ്ഥാപിക്കാൻ തുടങ്ങി. ഇന്ന്, ഏകദേശം ഒന്നര ലക്ഷം കുരിശുകളും ചെറുതും വലുതുമായ കൊത്തുപണികളും ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഓരോ കുരിശും ഒരു പ്രാർത്ഥനയാണ്, അല്ലെങ്കിൽ ലിത്വാനിയൻ ദേശീയതയുടെയും വിശ്വാസത്തിന്റെയും പ്രതിരോധത്തിന്റെയും പ്രഖ്യാപനമാണ്.

സോവിയറ്റ് ഭരണത്തിനെതിരായ നിശബ്ദ പോരാട്ടം

ഈ കുന്നിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടം സോവിയറ്റ് ഭരണത്തിൻ കീഴിലായിരുന്നു. സോവിയറ്റ് യൂണിയൻ ലിത്വാനിയയിൽ മതപരമായ പ്രവർത്തനങ്ങൾ നിരോധിക്കുകയും ദേശീയ വികാരങ്ങളെ അടിച്ചമർത്തുകയും ചെയ്തപ്പോൾ, കുരിശുകളുടെ കുന്ന് ചെറുത്തുനിൽപ്പിന്റെ കേന്ദ്രബിന്ദുവായി മാറി.

1960 മുതൽ 1980 വരെ പതിനഞ്ചിലധികം തവണ സോവിയറ്റ് സൈന്യം ബുൾഡോസറുകൾ ഉപയോഗിച്ച് കുന്നിലെ കുരിശുകൾ പൂർണ്ണമായും നശിപ്പിച്ചു. കുരിശുകൾ നീക്കം ചെയ്യുകയും കത്തിക്കുകയും കുന്ന് നിരപ്പാക്കുകയും ചെയ്തു. എന്നാൽ ഓരോ തവണയും, രാത്രിയുടെ മറവിൽ രഹസ്യമായി കുരിശുകൾ കുന്നിൽ സ്ഥാപിച്ചു കൊണ്ട് ലിത്വാനിയൻ ജനത ഭരണകൂടത്തെ വെല്ലുവിളിച്ചു. ഈ നിശബ്ദ പോരാട്ടം ലിത്വാനിയൻ ജനതയുടെ അചഞ്ചലമായ ആത്മാവിനെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി. 1991-ൽ ലിത്വേനിയ സ്വാതന്ത്ര്യം വീണ്ടെടുത്തു.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സന്ദർശനം

1993-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സന്ദർശനത്തോടെയാണ് കുരിശുകളുടെ കുന്നിന്റെ പ്രാധാന്യം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നത്. ലിത്വാനിയൻ കത്തോലിക്കാ സഭയ്ക്കുള്ള ലോകമെമ്പാടുമുള്ള പിന്തുണ വീണ്ടും ഉറപ്പിച്ചുകൊണ്ട് മാർപ്പാപ്പ ഇവിടെ ഒരു കുരിശ് സ്ഥാപിച്ചു. അദ്ദേഹത്തിന്റെ സന്ദർശനത്തിനുശേഷം, ഈ സ്ഥലം ഒരു പ്രധാന ആഗോള തീർത്ഥാടന കേന്ദ്രമായി മാറി, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കപ്പെട്ടു.

ഇന്ന്, ഇവിടേക്ക് എത്തുന്ന സന്ദർശകർക്ക്, അവരുടെ വിശ്വാസം പരിഗണിക്കാതെ, ഇവിടെ ഒരു കുരിശ് സ്ഥാപിക്കാൻ അനുവാദമുണ്ട്. കുരിശുകളുടെ കുന്നിന്റെ നിശബ്ദത ലിത്വാനിയയുടെ ഭൂതകാലത്തെയും വിശ്വാസത്തെയും സ്വാതന്ത്ര്യത്തിന്റെ വിലയെയും കുറിച്ച് ധാരാളം കാര്യങ്ങൾ പറയുന്നു.

Summary: The Hill of Crosses in LithuaHillOfCrossesnia stands as a profound symbol of faith, nationalism, and silent resistance. Located near Šiauliai, this hill is covered with over a hundred thousand crosses — each representing a story of hope, loss, and defiance.

Related Stories

No stories found.
Times Kerala
timeskerala.com