മാഡ്രിഡ്: സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ കൊല്ലപ്പെട്ടു. കോർഡോബ പ്രവിശ്യയിലെ അദാമുസ് പട്ടണത്തിന് സമീപമാണ് ദാരുണമായ അപകടം നടന്നത്. അപകടത്തിൽ 25-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.(High-speed train collision in Spain causes major tragedy, 21 dead)
മലാഗയിൽ നിന്ന് തലസ്ഥാനമായ മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റിയതാണ് അപകടത്തിന് കാരണമായത്. ഈ സമയത്ത് എതിർദിശയിൽ വന്ന മറ്റൊരു ട്രെയിനുമായി പാളം തെറ്റിയ ബോഗികൾ കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് രണ്ടാമത്തെ ട്രെയിനും പാളം തെറ്റി.
രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണെന്നും പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.