ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരു പൈലറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 11:25-ഓടെ ഹാമൺടൺ മുനിസിപ്പൽ എയർപോർട്ടിന് സമീപമാണ് അപകടമുണ്ടായത്. രണ്ടാമത്തെ ഹെലികോപ്റ്ററിലെ പൈലറ്റിന് മാരകമായി പരിക്കേറ്റു. ഇദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Helicopters collide in New Jersey, one pilot killed)
എൻസ്ട്രോം എഫ് 28 എ (Enstrom F-28A), എൻസ്ട്രോം 280 സി (Enstrom 280C) എന്നീ രണ്ട് ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. വിമാനത്താവളത്തിന് മുകളിൽ വെച്ചാണ് ഹെലികോപ്റ്ററുകൾ തമ്മിൽ ഇടിച്ചത്. കൂട്ടിയിടിച്ചതിന് പിന്നാലെ ഒരു ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗം കറങ്ങി താഴേക്ക് പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
താഴെ വീണ ഉടനെ ഒരു ഹെലികോപ്റ്ററിന് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടസമയത്ത് രണ്ട് ഹെലികോപ്റ്ററുകളിലും പൈലറ്റുമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.