ന്യൂയോർക്ക്: അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയെയും ശൈത്യകാല കൊടുങ്കാറ്റിനെയും തുടർന്ന് വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ക്രിസ്മസ് അവധിക്കാലത്തെ തിരക്കിനിടയിൽ ഇന്നലെ മാത്രം ആയിരത്തിലധികം വിമാന സർവീസുകളാണ് വിവിധ കമ്പനികൾ റദ്ദാക്കിയത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ, മധ്യ-പടിഞ്ഞാറൻ മേഖലകളിൽ വരും ദിവസങ്ങളിലും കാലാവസ്ഥ അതീവ ഗുരുതരമായി തുടരുമെന്നാണ് മുന്നറിയിപ്പ്.(Heavy snow and cold winds in the United States, More than 1,000 flights canceled)
വെള്ളിയാഴ്ച ഉച്ചയോടെ ഏകദേശം 1191 വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. കൂടാതെ 3974 സർവീസുകൾ വൈകി ഓടുന്നു. ന്യൂയോർക്ക്, ചിക്കാഗോ വിമാനത്താവളങ്ങളെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ന്യൂയോർക്കിലേക്കും തിരിച്ചുമുള്ള 785 സർവീസുകൾ റദ്ദാക്കിയത് ആയിരക്കണക്കിന് യാത്രക്കാരെ വിമാനത്താവളങ്ങളിൽ കുടുക്കി.
കനത്ത മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുള്ളതിനാൽ അടിയന്തര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.