ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയെയും അസ്ഥിര കാലാവസ്ഥയെയും തുടർന്ന് ദുബായിൽ ഇന്ന് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.(Heavy rain in UAE, Work from home for government employees in Dubai)
നേരിട്ട് ഹാജരാകേണ്ട അത്യാവശ്യ ജീവനക്കാരൊഴികെ മറ്റെല്ലാവർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സാധ്യമായ ഇടങ്ങളിൽ വിദൂര ജോലി അനുവദിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശിച്ചു. ദുബായിൽ നിന്നും ഷാർജയിൽ നിന്നുമുള്ള വിവിധ വിമാന സർവ്വീസുകളും റദ്ദാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും വിവിധ എമിറേറ്റുകളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ കാറ്റിലും മഴയിലും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മുൻകരുതലിന്റെ ഭാഗമായി ദുബൈയിലെ എല്ലാ പാർക്കുകളും ബീച്ചുകളും രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. ദുബൈ, ഷാർജ എന്നിവിടങ്ങളിലെ സഫാരി പാർക്കുകളും താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു.