ദുബായ് : കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. കാഴ്ചാപരിധി കുത്തനെ കുറഞ്ഞതിനെ തുടർന്ന് നിരവധി ഇൻബൗണ്ട് വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടി വന്നു. കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുതൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്.(Heavy fog, Flight services disrupted at Dubai and Sharjah airports)
പ്രാദേശിക സമയം രാവിലെ 9 മണി വരെ 19 ഇൻബൗണ്ട് വിമാനങ്ങളാണ് സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്. പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാക്കാനും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, മറ്റ് എയർപോർട്ട് പങ്കാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ദുബൈ എയർപോർട്ട്സ് അധികൃതർ അറിയിച്ചു.
ഷാർജ വിമാനത്താവളത്തിലും കനത്ത മൂടൽമഞ്ഞ് കാരണം നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടി വന്നു. മോശം കാലാവസ്ഥ നിരവധി ഷെഡ്യൂൾ ചെയ്ത സർവീസുകളെ ബാധിച്ചതിനാൽ, വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് മുൻകൂട്ടി സ്ഥിരീകരിക്കാതെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ഷാർജ എയർപോർട്ട് അധികൃതർ നിർദ്ദേശം നൽകി.
ദുബൈ എയർപോർട്ട് റോഡിൽ ഭാഗികമായ ഗതാഗത നിയന്ത്രണങ്ങൾ ഉള്ളതായും അധികൃതർ അറിയിച്ചു. യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് ദുബൈ, അബുദാബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) റെഡ് അലർട്ടുകൾ പുറപ്പെടുവിച്ചു. അർദ്ധരാത്രിക്ക് തൊട്ടുപിന്നാലെയാണ് ആദ്യ മുന്നറിയിപ്പ് പുറത്തിറക്കിയത്. യാത്രാസമയത്ത് പല പ്രദേശങ്ങളിലും കാഴ്ചാപരിധി 500 മീറ്ററിൽ താഴെയായി കുറഞ്ഞതായും റിപ്പോർട്ടുണ്ട്.