18 -ാം വയസിൽ വെറും മൂന്ന് മണിക്കൂർ ആയുസെന്ന് ഡോക്ടർമാർ, ഇന്ന് 35 -ാം വയസിൽ 90 കോടിയുടെ ഗെയിമിംഗ് സാമ്രാജ്യത്തിന് ഉടമ | Gaming empire

ചൈനീസ് കോടീശ്വരനും ഗെയ്മിംഗ് പ്ലാറ്റ്ഫോമായ സെറിനിറ്റി ഫോർജിന്‍റെ ഉടമയുമായ ഷെങ്‌ഹുവ യാങ്ങിന്‍റ ജീവിതം ആരെയും അമ്പരപ്പിക്കും
gaming empire owner
TIMES KERALA
Updated on

മരണത്തിന് മുന്നിൽ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒരു പാടുപേരുടെ കഥ നമ്മൾ പല ആവർത്തി കേട്ടിട്ടുണ്ട്. എന്നാല്‍ ചൈനീസ് കോടീശ്വരനും ഗെയ്മിംഗ് പ്ലാറ്റ്ഫോമായ സെറിനിറ്റി ഫോർജിന്‍റെ ഉടമയുമായ ഷെങ്‌ഹുവ യാങ്ങിന്‍റ ജീവിതം ആരെയും അമ്പരപ്പിക്കും. 18 -ാം വയസിൽ ഷെങ്‌ഹുവയിൽ കണ്ടെത്തിയ ഗുരുതരരോഗം വെറും മൂന്ന് മണിക്കൂറിന്‍റെ ആയുസ് മാത്രമേ അദ്ദേഹത്തിന് ബാക്കിവച്ചിട്ടുള്ളൂവെന്നായിരുന്നു ഡോക്ടർമാർ വിധിച്ചത്. എന്നാല്‍, ആ വിധിയെ തിരിത്തിയെഴുതി ജീവിത്തിലേക്ക് തിരികെ വന്ന ഷെങ്‌ഹുവ യാങ്ങ്, ഇന്ന് തന്‍റെ 35 -ാം വയസിൽ 90 കോടിയുടെ ഗെയിമിംഗ് സാമ്രാജ്യത്തിന്‍റെ ഉടമയാണ്. (Gaming empire)

ഇല്ലിനോയിസ് സർവകലാശാലയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഷെങ്‌ഹുവിന്‍റെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി. പിന്നാലെ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് ക്രോണിക് റിഫ്രാക്ടറി ഇഡിയൊപാത്തിക് ത്രോംബോസൈറ്റോപെനിക് പർപുര (Chronic refractory idiopathic thrombocytopenic purpura -ITP)) എന്ന അപൂർവ ഓട്ടോഇമ്മ്യൂൺ രോഗമാണെന്ന് ഡോക്ടർമാർ വിധിയെഴുതി. ഒപ്പം ഷെങ്‌ഹുവയ്ക്ക് വെറും മൂന്ന് മണിക്കൂർ മാത്രമേ ജീവിക്കാൻ കഴിയൂവെന്ന് ഡോക്ടർമാർ കുടുംബാംഗങ്ങളെ അറിയിച്ചു. എന്നാല്‍, രണ്ട് വർഷത്തോളം ആശുപത്രിയിൽ തന്നെയായിരുന്നെങ്കിലും അദ്ദേഹം തന്‍റെ വിധി മാറ്റിയെഴുതി.

രോഗാവസ്ഥയിലായി മരണത്തോട് മല്ലിട്ട് ജീവിതം തിരിച്ച് പിടിക്കുന്ന ആ കാലത്ത് അദ്ദേഹം ലീഗ് ഓഫ് ലെജൻഡ്‌സ്, മൈൻക്രാഫ്റ്റ്, വേൾഡ് ഓഫ് വാർക്രാഫ്റ്റ് തുടങ്ങിയ വീഡിയോ ഗെയിമുകൾ കളിക്കുന്നതിലായിരുന്നു ഷെങ്‌ഹുവ യാങ് ആശ്വാസം കണ്ടെത്തിയത്. ഗെയിമുകൾ കളിക്കുന്നതിനൊപ്പം ആളുകളെ വ്യത്യസ്തമായി തോന്നിപ്പിക്കാനും ചിന്തിക്കാനും കഴിയുന്ന സ്വന്തം ഗെയിമുകൾ സൃഷ്ടിക്കാനുള്ള ആഗ്രഹം അദ്ദേഹം പങ്കുവച്ചു. പിന്നാലെ 1,000 ഡോളർ നിക്ഷേപിച്ച് അദ്ദേഹം സെറനിറ്റി ഫോർജ് സ്ഥാപിച്ചു, ഇന്ന് 10 മില്യൺ ഡോളറിന്‍റെ (90 കോടി രൂപ) ഗെയിമിംഗ് സാമ്രാജ്യമായി കമ്പനി വളർന്നു.

ആളുകളെ സഹായിക്കുന്ന ഗെയിമുകൾ ഉണ്ടാക്കിയാലോയെന്ന ചിന്തയാണ് തന്നെ ഗെയിമിംഗിലേക്ക് എത്തിച്ചതെന്ന് ഷെങ്‌ഹുവ യാങ്ങ് പറയുന്നു. രോഗം ഭേദമായി കൊളറാഡോ ബൗൾഡർ സർവകലാശാലയിൽ തിരിച്ചെത്തിയ ശേഷം ഷെങ്‌ഹുവ ബിസിനസ്സ് പഠനം ആരംഭിച്ചു. പിന്നാലെ ആളുകളെ ആഴത്തിലും വ്യത്യസ്തമായി ചിന്തിപ്പിക്കുന്ന ഗെയിമുകൾ നിർമ്മിക്കാനുള്ള ശ്രമം തുടർന്നു. ഇന്ന്, സെറിനിറ്റി ഫോർജിന് 40-ലധികം ജീവനക്കാരുണ്ട്, ലൈഫ്‌ലെസ് പ്ലാനറ്റ്, ഡോക്കി ഡോക്കി ലിറ്ററേച്ചർ ക്ലബ് എന്നിവയുൾപ്പെടെ 70 ഓളം ഗെയിമുകളും പുറത്തിറക്കി. കമ്പനി പ്രതിവർഷം 10 മുതൽ 15 ദശലക്ഷം ഡോളർ വരെ വരുമാനം നേടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com