

ന്യൂഡൽഹി: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നുവെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന (Sheikh Hasina). ഇന്ത്യയുമായുള്ള ശത്രുത തീവ്രവാദികൾ ബോധപൂർവ്വം നിർമ്മിച്ചതാണെന്ന് എ.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഹസീന ആരോപിച്ചു.
ഇന്ത്യൻ എംബസികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഗൗരവകരമാണ്. ഉത്തരവാദിത്തമുള്ള ഒരു സർക്കാർ ഇത്തരം സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകണം. എന്നാൽ യൂനസ് സർക്കാർ അക്രമികൾക്ക് ശിക്ഷാ ഇളവ് നൽകുകയാണ്. തനിക്കെതിരെയുള്ള ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിന്റെ വധശിക്ഷാ വിധി രാഷ്ട്രീയ പ്രേരിതമാണ്. തനിക്ക് പ്രതിരോധിക്കാൻ അവസരം നൽകിയില്ലെന്നും ഹസീന ആരോപിച്ചു. അവാമി ലീഗിനെ ഒഴിവാക്കി നടത്തുന്ന തെരഞ്ഞെടുപ്പ് യഥാർത്ഥ തെരഞ്ഞെടുപ്പല്ലെന്നും അതൊരു പട്ടാഭിഷേകം മാത്രമാണെന്നും അവർ പരിഹസിച്ചു.
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള ബംഗ്ലാദേശ് നേതാക്കളുടെ പ്രസ്താവനകൾ അപകടകരവും നിരുത്തരവാദപരവുമാണ്. ഇന്ത്യ തനിക്ക് നൽകുന്ന ആതിഥ്യത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് ഹസീന പറഞ്ഞു. ബംഗ്ലാദേശിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുമ്പോൾ താൻ തിരിച്ചെത്തുമെന്നും അവർ വ്യക്തമാക്കി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്നും എന്നാൽ രാഷ്ട്രീയ കൊലപാതകത്തിന് കീഴടങ്ങാൻ മടങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Former Bangladesh PM Sheikh Hasina accused the Muhammad Yunus-led interim government of fostering extremism and deliberately manufacturing hostility toward India. In an interview with ANI, she criticized the recent International Crimes Tribunal verdict against her as a "political witch hunt" and warned that barring the Awami League from elections would disenfranchise millions.