
കൈറോ: ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഒരു അമേരിക്കൻ- ഇസ്രായേലിയെയും നാല് മൃതദേഹങ്ങളും വിട്ടയക്കുക ഗസ്സ മുനമ്പിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാക്കിയാൽ മാത്രമെന്ന് ഹമാസ്. വെടിനിർത്തൽ വീണ്ടും പ്രയോഗത്തിൽ വരുത്താൻ ലക്ഷ്യമിട്ടുള്ള അപൂർവ നടപടിയാണിതെന്നും വിട്ടയക്കുന്ന ദിവസം രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ തുടങ്ങിയിരിക്കണമെന്നും മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നിലവിൽ ഇന്ധന കടത്തിന് വിലക്കേർപ്പെടുത്തിയത് ജല ശുദ്ധീകരണം തടസ്സപ്പെടുത്തുമെന്നും കുടിവെള്ള ലഭ്യത ഇല്ലാതാകുമെന്നും ഫലസ്തീൻ ഉദ്യോഗസ്ഥൻ പറഞ്ഞു. സഹായ ട്രക്കുകൾക്കുമേൽ ഏർപ്പെടുത്തിയ വിലക്ക് എടുത്തുകളയണം. ഈജിപ്ത് അതിർത്തിയിലെ തന്ത്രപ്രധാന ഇടനാഴിയിൽനിന്ന് സൈനികരെ പിൻവലിക്കണം. ബന്ദികൾക്ക് പകരം കൂടുതൽ ഫലസ്തീനികളെ വിട്ടയക്കാൻ ആവശ്യപ്പെടുമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ അറിയിച്ചു.