ഹമാസ്-ലഷ്‌കർ ബന്ധം മുറുകുന്നു?: പാക് ഭീകര ക്യാമ്പിൽ ഹമാസ് പ്രതിനിധി; ഇന്ത്യയും ഇസ്രയേലും ആശങ്കയിലോ ? | Hamas-Lashkar ties

ഇത് ആദ്യമായല്ല സഹീർ പാകിസ്താനിൽ എത്തുന്നത്
ഹമാസ്-ലഷ്‌കർ ബന്ധം മുറുകുന്നു?: പാക് ഭീകര ക്യാമ്പിൽ ഹമാസ് പ്രതിനിധി; ഇന്ത്യയും ഇസ്രയേലും ആശങ്കയിലോ ? | Hamas-Lashkar ties
Updated on

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഗുജ്‌റൻവാലയിലെ ലഷ്‌കറെ തൊയ്ബ ഭീകര ക്യാമ്പിൽ നടന്ന ചടങ്ങിൽ ഹമാസ് പ്രതിനിധി നാജി സഹീർ പങ്കെടുത്തതായി റിപ്പോർട്ട്. ഹമാസും പാക് ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളും തമ്മിലുള്ള സൈനികവും തന്ത്രപരവുമായ സഹകരണം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇന്ത്യയും ഇസ്രയേലും അതീവ ജാഗ്രതയിലാണ്.(Hamas-Lashkar ties strengthening? Hamas representative in Pakistan terror camp)

ലഷ്‌കറെ തൊയ്ബ ക്യാമ്പിലെ ചടങ്ങിൽ മുഖ്യാതിഥിയായാണ് നാജി സഹീർ എത്തിയത്. വേദിയിലെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചതെന്ന് പുറത്തുവന്ന വീഡിയോകൾ വ്യക്തമാക്കുന്നു.

ഇത് ആദ്യമായല്ല സഹീർ പാകിസ്താനിൽ എത്തുന്നത്. 2024 ഏപ്രിലിൽ ഇസ്ലാമാബാദ് ഹൈക്കോടതി ബാർ അസോസിയേഷനിലും ഇയാൾ അതിഥിയായി എത്തിയിരുന്നു. ജയ്‌ഷെ മുഹമ്മദ് നേതാക്കളോടൊപ്പം മുമ്പ് വേദി പങ്കിട്ടതായും മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഗാസയെയും കശ്മീരിനെയും ഒരേപോലെ കാണണമെന്നും 'ജിഹാദ്' മാത്രമാണ് പരിഹാരമെന്നും ലഷ്‌കർ കമാൻഡർ അബു മൂസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെയും ഇന്ത്യയെയും ഒരേപോലെ ശത്രുക്കളായി പ്രഖ്യാപിക്കുന്ന നിലപാടാണ് ഈ സംഘടനകൾ സ്വീകരിക്കുന്നത്.

ഗാസയിലെ സമാധാന സേനയിലേക്ക് സൈന്യത്തെ അയക്കാൻ പാകിസ്താനുമേൽ അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് ഈ സന്ദർശനം.

Related Stories

No stories found.
Times Kerala
timeskerala.com