ടെൽ അവീവ്: ഹമാസ് ബന്ദിയാക്കിയ ഒരാളുടെ മൃതദേഹം കൂടി ഇസ്രയേൽ സൈന്യത്തിന് കൈമാറി. റെഡ് ക്രോസ് വഴിയാണ് മൃതദേഹം കൈമാറിയതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. ഇനിയും 12 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഗാസയിൽ ഉണ്ടെന്നാണ് ഇസ്രയേൽ വിശ്വസിക്കുന്നത്.(Hamas hands over the body of another hostage to Israel)
ഗാസയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം കൈമാറുമെന്ന് ഹമാസിൻ്റെ സായുധ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതും തിരിച്ചറിയുന്നതും ഇസ്രയേലിൽ രാഷ്ട്രീയമായും വൈകാരികമായും വലിയ ചർച്ചാവിഷയമാണ്. ഹമാസ് മനഃപൂർവം വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ ആരോപിച്ചു. മൃതദേഹങ്ങൾ എവിടെയാണെന്ന് അവർക്ക് അറിയാമെന്ന് സർക്കാർ വക്താവ് അവകാശപ്പെട്ടു.
അതേസമയം, മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനായി റെഡ് ക്രോസിനൊപ്പം പ്രവർത്തിക്കുന്ന ഈജിപ്ഷ്യൻ സാങ്കേതിക സംഘത്തെ ഗാസയിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടുണ്ട്. ട്രംപിന്റെ മധ്യസ്ഥതയിലുള്ള സമാധാന പദ്ധതി പ്രകാരം ഇസ്രയേൽ സൈന്യം ആദ്യം പിൻവാങ്ങിയ അതിർത്തിയായ 'യെല്ലോ ലൈനിനും' അപ്പുറം എക്സ്കവേറ്ററുകളും ട്രക്കുകളും ഉപയോഗിച്ച് സംഘം തിരച്ചിൽ നടത്തുന്നുണ്ട്.
ട്രംപിൻ്റെ മധ്യസ്ഥതയിലുള്ള ഗാസ സമാധാന പദ്ധതി പ്രകാരം വിഭാവനം ചെയ്തിട്ടുള്ള അന്താരാഷ്ട്ര സമാധാന സേനയുടെ ഭാഗമായി തുർക്കി സായുധ സേനയെ അംഗീകരിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഇസ്രയേലിനോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി ഗിദെയോൻ സർ കുറ്റപ്പെടുത്തി.
രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷം ഗാസയെ സുരക്ഷിതമാക്കാനും വെടിനിർത്തൽ ഉറപ്പാക്കാനുമാണ് ട്രംപിൻ്റെ പദ്ധതി അന്താരാഷ്ട്ര സൈനികസഖ്യത്തെ വിഭാവനം ചെയ്യുന്നത്. ഈ സേനയിലേക്ക് ഇന്തോനേഷ്യ, യുഎഇ, ഈജിപ്ത്, ഖത്തർ, തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളെ സമീപിച്ചിട്ടുണ്ട്. എന്നാൽ യുഎസ് സ്വന്തം സൈന്യത്തെ അയക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഏതൊക്കെ വിദേശ സേനകളെ ഗാസയിലേക്ക് പ്രവേശിപ്പിക്കണമെന്ന് ഇസ്രയേൽ തീരുമാനിക്കുമെന്നും, തുർക്കിയുടെ പങ്കാളിത്തത്തെ എതിർക്കുമെന്നും പ്രധാനമന്ത്രി നെതന്യാഹു നേരത്തെ സൂചന നൽകിയിരുന്നു.