ടെൽ അവീവ്: ഗാസയിൽ ബന്ദികളായിരിക്കെ മരണപ്പെട്ട മൂന്ന് ഇസ്രയേലി പൗരന്മാരുടെ മൃതദേഹങ്ങൾ അടങ്ങിയ ശവപ്പെട്ടികൾ ഹമാസ് ഇസ്രയേൽ സൈന്യത്തിന് കൈമാറി. ഗാസ മുനമ്പിലെ റെഡ് ക്രോസ് വഴിയാണ് മൃതദേഹങ്ങൾ കൈമാറിയത്. നിലവിൽ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾക്കായി കൊണ്ടുപോയിരിക്കുകയാണ്.(Hamas hands over bodies of 3 Israeli hostages to the army )
അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ധാരണയുടെ ഒന്നാം ഘട്ടത്തിൻ്റെ ഭാഗമായാണ് ഈ നടപടി. വെടിനിർത്തൽ ധാരണ പ്രകാരം 20 ബന്ദികളെ ജീവനോടെയും 28 ബന്ദികളുടെ മൃതദേഹവും കൈമാറാമെന്ന് ഹമാസ് വിശദീകരിച്ചിരുന്നു.
മരിച്ച ബന്ദികളെ കൈമാറുന്നതിൽ കാലതാമസം നേരിടുന്നതിനെ ഇസ്രയേൽ ചോദ്യം ചെയ്തിരുന്നു. ഇതിനു മറുപടിയായി, ഗാസയിൽ തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള താമസം മാത്രമാണ് കൈമാറ്റത്തിലെ കാലതാമസത്തിന് കാരണമെന്നാണ് ഹമാസ് വിശദമാക്കിയത്.
ഹമാസിൻ്റെ സായുധ സേനയായ അൽ ക്വാസം ബ്രിഗേഡ് ഞായറാഴ്ച തെക്കൻ ഗാസ മുനമ്പിലെ ടണലുകളിലൊന്നിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
"ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വിവരം നൽകി. വിഷമമേറിയ ഈ സമയത്ത് തങ്ങളുടെ ഹൃദയം അവർക്കൊപ്പമാണ്. ബന്ദികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരും. അവസാന ബന്ദി തിരിച്ചെത്തും വരെ അത് തുടരും." മരിച്ച ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ തിരികെ എത്തിക്കാനായി ബന്ദികളുടെ കുടുംബങ്ങൾ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
വെടിനിർത്തൽ കരാർ ലംഘനത്തിന് ഹമാസും ഇസ്രയേലും പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് ഈ കൈമാറ്റം. ഇതിനിടെ, ഞായറാഴ്ച വടക്കൻ ഗാസയിൽ ഉണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ഹമാസ് പറയുമ്പോൾ, ഇസ്രയേൽ സൈനികർക്ക് നേരെ ഭീഷണിയുമായി എത്തിയ ഭീകരനെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം പ്രതികരിക്കുന്നത്.