

റോം: ഹമാസിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ ഒമ്പത് പേർ അറസ്റ്റിലായി. മൂന്ന് സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് പിടിയിലായതെന്ന് ഇറ്റാലിയൻ അന്വേഷണ ഏജൻസികൾ അറിയിച്ചു. ഇവർ ഏകദേശം 70 ലക്ഷം യൂറോ (ഏകദേശം 63 കോടി രൂപ) ഫണ്ട് സമാഹരിച്ചതായാണ് കണ്ടെത്തൽ.
പിടിയിലായവരിൽ ഇറ്റലിയിലെ ഫലസ്തീനിയൻ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ഹനൂനും ഉൾപ്പെടുന്നു. സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിൽ സമാഹരിച്ച തുക ഹമാസിന്റെ പ്രവർത്തനങ്ങൾക്കായി വകമാറ്റിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
ഹമാസ് ഉൾപ്പെടെയുള്ള സംഘടനകൾക്ക് ഫണ്ട് നൽകുന്നതിന് 2025 ജനുവരിയിൽ യൂറോപ്യൻ കൗൺസിൽ കർശന വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് ഫണ്ട് കടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ ഇറ്റാലിയൻ സുരക്ഷാ സേന അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.