
ടെൽ അവീവ്: ഹമാസ് ഗാസയിൽ ബന്ദിയാക്കിയ ആറ് ഇസ്രയേലി പൗരന്മാരെ കൂടി മോചിപ്പിച്ചു(Hamas Freed 6 Hostages). എലിയ കോഹൻ (27), ഒമർ ഷെം ടോവ് (22), ഒമർ വെൻകർട്ട് (23) എന്നിവരെ മദ്ധ്യഗാസയിലെ നുസൈറത്തിലും താൽ ഷോഹം (40), അവേര മെൻഗിസ്റ്റു (39) എന്നിവരെ തെക്കൻ ഗാസയിലെ റാഫയിലും ഹിഷാം അൽ-സായദ് (36) നെ ഗാസ സിറ്റിയിൽ വച്ചും റെഡ് ക്രോസിന് കൈമാറി.
ഹമാസ്, ഒന്നാം ഘട്ട വെടിനിറുത്തലിനിടെ ഇസ്രയേലിന് കൈമാറുമെന്ന് പറഞ്ഞ 33 ബന്ദികളിൽ ജീവനോടെയുള്ള അവസാനത്തെ വ്യക്തികളാണ് ഇവർ. ഇവർക്ക് പകരമായി കഴിഞ്ഞ ദിവസം 602 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. നിലവിൽ 63 ബന്ദികൾ ഗാസയിലുള്ളതിൽ പകുതിയിലേറെ പേരും കൊല്ലപ്പെട്ടു കഴിഞ്ഞു എന്നാണ് പ്രാഥമിക വിലയിരുത്തൽ.