ജറുസലേം : ഗാസ സമാധാന കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇസ്രയേലുമായി സഹകരിച്ചെന്ന് ആരോപിച്ച് ഒരുകൂട്ടം പലസ്തീനികളെ ഹമാസ് വധശിക്ഷയ്ക്ക് വിധേയരാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വെടിനിര്‍ത്തലിന്റെ അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനായി ഈജിപ്തില്‍ സമാധാന ഉച്ചകോടിയില്‍ ലോകനേതാക്കള്‍ ഗാസ കരാറില്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ട് ഏഴ് പുരുഷന്‍മാരെ നിലത്ത് മുട്ടുകുത്തി നിര്‍ത്തി. പിന്നീട് ഇവരെ വെടിവെച്ച് കൊല്ലുന്നതുമാണ് വീഡിയോയിലുള്ളത്. വെടിവെപ്പിനു പിന്നാലെ സ്ഥലത്ത് കൂടിനില്‍ക്കുന്നവര്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കേള്‍ക്കാം.
ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സമാധാന കരാറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്.