ഗാസ: ഹമാസിന്റെ സൈനിക വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഇസ്രായേൽ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അബൂ ഉബൈദയ്‌ക്കൊപ്പം ഗാസയിലെ ഹമാസ് തലവൻ മുഹമ്മദ് സിൻവർ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ മരണവും ഹമാസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.(Hamas confirms the deaths of Abu Ubaida and Gaza chief Sinwar)
മുഖം പൂർണ്ണമായും മറച്ച് വീഡിയോ സന്ദേശങ്ങളിലൂടെയും വാർത്താ സമ്മേളനങ്ങളിലൂടെയും പ്രത്യക്ഷപ്പെട്ടിരുന്ന അബൂ ഉബൈദ, ഹമാസിന്റെ പ്രതിരോധത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖമായിരുന്നു. ഒക്ടോബർ 7-ന് ശേഷം ഹമാസ് പുറത്തുവിട്ടിരുന്ന യുദ്ധരംഗത്തെ അപ്‌ഡേറ്റുകളിലൂടെ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
മുഹമ്മദ് സിൻവർ കൂടി കൊല്ലപ്പെട്ടതോടെ ഹമാസിന്റെ നേതൃനിരയ്ക്ക് കനത്ത ആഘാതമാണ് നേരിട്ടിരിക്കുന്നത്. യാഹ്യ സിൻവറിന്റെ വിയോഗത്തിന് ശേഷം ഗാസയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് മുഹമ്മദ് സിൻവർ ആയിരുന്നു. ഇസ്രായേൽ തുടർച്ചയായി നടത്തിയ വ്യോമാക്രമണങ്ങളിലാണ് ഇവരെല്ലാം കൊല്ലപ്പെട്ടതെന്നാണ് സൂചന.