സന്തോഷം അളക്കുന്ന രാജ്യം! സാമ്പത്തിക വളർച്ചയെക്കാൾ സന്തോഷം വിലപ്പെട്ട രാജ്യം; ഭൂട്ടാൻ്റെ ദേശീയ സന്തോഷ സൂചികയുടെ കഥ |Gross National Happiness of Bhutan

Gross National Happiness of Bhutan
Published on

നമ്മുടെ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും അവരുടെ വികസനവും പുരോഗതിയും അളക്കുന്നത് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി (Gross Domestic Product) എന്ന സൂചികയിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും ലോകരാജ്യങ്ങൾ മൊത്ത ആഭ്യന്തര ഉത്പാദനം എന്ന അളവുകോലിൽ മാത്രം അവരുടെ ശ്രദ്ധകേന്ദ്രികരിച്ച് രാജ്യവ്യാപകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ ഒരു കുഞ്ഞൻ രാജ്യം മാത്രം വേറിട്ടൊരു വഴി സ്വീകരിച്ചു. ഹിമാലയത്തിന്റെ മടിത്തട്ടിൽ, ഇന്ത്യയുടേയും ചൈനയുടെയും ഇടയിലായി ഒളിച്ചിരിക്കുന്ന ഭൂട്ടാൻ അവരുടെ സമ്പത്ത് അളക്കുന്നത് ഏറെ വ്യത്യസ്തമായാണ്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാനെ സംബന്ധിച്ചിടത്തോളം, വികസനം എന്നത് സമ്പത്തിൻ്റെയോ പണപ്പെരുപ്പത്തിൻ്റെയോ കണക്കല്ല. ഇവിടെ രാജ്യത്തിന്റെ പുരോഗതി അളക്കുന്നത് മറ്റൊരു വഴിയിലാണ്. പൗരന്മാരുടെ കൂട്ടായ ക്ഷേമമാണ് ഇവിടെ വികസനം. ഗ്രോസ് നാഷണൽ ഹാപ്പിനസ്” (Gross National Happiness - GNH) എന്നതിലൂടെയാണ് രാജ്യം പുരോഗതി അളക്കുന്നത്. അതായത് ഇവിടെ സന്തോഷമാണ് അളക്കുന്നത്.

ലോകത്തിലെ ചെറിയ രാഷ്ട്രങ്ങളിൽ ഒന്നായിട്ട് പോലും ഈ രാജ്യത്തിന്റെ വേറിട്ട രീതികൾ ലോക ജനതയെ വിസ്മയിപ്പിക്കുന്നു. 1970-കളിൽ ഭൂട്ടാൻ്റെ നാലാമത്തെ രാജാവായിരുന്ന ജിഗ്‌മെ സിംഗ്യേ വാങ്‌ചുക്ക് ആണ് ജിഎൻഎച്ച് എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. "മൊത്തം ദേശീയ സന്തോഷം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ പ്രധാനമാണ്" - ഇതായിരുന്നു രാജാവിന്റെ വാക്കുകൾ. പരമ്പരാഗത സാമ്പത്തിക ചിന്തകളെ ചോദ്യം ചെയ്തു കൊണ്ട് വാങ്‌ചുക്ക് രാജാവ് അങ്ങനെ ജിഎൻഎച്ച് എന്ന ആശയം നടപ്പിലാക്കുന്നു. സുസ്ഥിര വികസനത്തിന് കൂടുതൽ സമഗ്രമായ ഒരു സമീപനം ആവശ്യമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. സന്തോഷം, മാനസിക ക്ഷേമം തുടങ്ങിയ അദൃശ്യമോ സാമ്പത്തികേതാരമോ ആയ ഘടകങ്ങൾക്ക് ഭൗതിക സമ്പത്തിനെ പോലെ  തുല്യ പ്രാധാന്യം, അല്ലെങ്കിൽ അതിലും കൂടുതൽ പ്രാധാന്യം ഈ രാജ്യം നൽകി. ഒരു രാജ്യത്തിൻ്റെ പുരോഗതി അളക്കേണ്ടത് പണം കൊണ്ടല്ല, മറിച്ച് അവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും സന്തോഷം കൊണ്ടാണ് എന്ന് ഭൂട്ടാൻ കാട്ടിത്തരുന്നു. ജനങ്ങളുടെ ജീവിതനിലവാരം, സമാധാനം, സാംസ്കാരിക മൂല്യങ്ങൾ, പരിസ്ഥിതി എന്നിവ സംരക്ഷിച്ചുകൊണ്ടാകണം രാജ്യത്ത് പുരോഗതി ഉണ്ടാകേണ്ടത് എന്ന കാഴ്ചപ്പാടാണ് ജിഎൻഎച്ച്-ൻ്റെ അടിസ്ഥാനം.

കൃത്യമായ കണക്കെടുപ്പുകളിലൂടെയും സർവേകളിലൂടെയും അളക്കുന്ന ഒരു സമഗ്ര സൂചികയാണ് ദേശീയ സന്തോഷ സൂചിക. സെൻ്റർ ഫോർ ഭൂട്ടാൻ സ്റ്റഡീസ് (CBS) ആണ് GNH സൂചിക രൂപകൽപ്പന ചെയ്തത്. വ്യക്തിഗത നേട്ടങ്ങളെ അളക്കുന്ന ഈ സൂചികയിൽ 33 സൂചകങ്ങളും (Indicators), 9 പ്രധാന ഘടകങ്ങളും (Domains) ഇതിൽ ഉൾപ്പെടുന്നു. മാനസികാരോഗ്യം, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരിക വൈവിധ്യവും പ്രതിരോധശേഷിയും, മികച്ച ഭരണം, സാമൂഹിക ചലനാത്മകത,പാരിസ്ഥിതിക വൈവിധ്യവും പ്രതിരോധശേഷിയും, ജീവിത നിലവാരം എന്നിവയാണ് 9 പ്രധാന ഘടകങ്ങൾ. മേൽപറഞ്ഞ ഘടകങ്ങളിൽ ഒരു വ്യക്തിക്ക് കുറഞ്ഞത് 66% നേട്ടമുണ്ടെങ്കിൽ ആ വ്യക്തി സന്തോഷവാനായി കണക്കാക്കുന്നു.

Summary: Bhutan measures progress not by GDP but through Gross National Happiness (GNH), a holistic index covering nine domains like well-being, culture, and environment. It balances material and spiritual growth, guiding policies on the belief that collective happiness outweighs economic gain.

Related Stories

No stories found.
Times Kerala
timeskerala.com