

ഗൗരവമേറിയ സംഭവവികാസങ്ങൾക്കും യുദ്ധങ്ങൾക്കും അപ്പുറം ചരിത്രത്തിന് പറയാൻ കഥകൾ ഏറെയാണ്. ചിലപ്പോൾ, അത് തികച്ചും വിചിത്രവും എന്നാൽ ചിരിക്കാൻ വക നൽകുന്നതുമായ അബദ്ധങ്ങളാകും. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, പട്ടികയിൽ പലപ്പോഴും ഒരു അപ്രതീക്ഷിത പേര് പ്രത്യക്ഷപ്പെടാറുണ്ട്, ശർക്കരപ്പാനി. സാധാരണയായി പായസത്തിനും പലഹാരങ്ങൾക്കും മധുരം പകരുന്ന ഈ ദ്രാവകം ഒരുപാടു മനുഷ്യരുടെ ജീവൻ അപഹരിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ശർക്കരപ്പാനി ഒരു നഗരത്തെ ഒന്നാകെ വിഴുങ്ങി എന്ന് പറഞ്ഞാൽ ഉൾകൊള്ളാൻ കഴിയുമോ? കേൾക്കുമ്പോൾ ഒരൽപം വിചിത്രമായി തോന്നാമെങ്കിലും നിങ്ങൾ കേട്ടത് സത്യമാണ്. മലയാളികളുടെ അടുക്കളയിൽ മധുരം വിളമ്പുന്ന ശർക്കരപ്പാനി അമേരിക്കയിലെ ഒരു പട്ടണത്തിൽ വിതച്ച നാശം ചെറുതൊന്നുമല്ല. 1919 ജനുവരി 15ന് അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിൽ അരങ്ങേറിയ ഗ്രേറ്റ് മൊളാസസ് ഫ്ലഡ് (Great Molasses Flood) മനുഷ്യചരിത്രത്തിലെ ഏറ്റവും വിചിത്രമായ വ്യവസായ ദുരന്തങ്ങളിൽ ഒന്നാണ്.
ദുരന്തത്തിന്റെ തുടക്കം
അതൊരു ബുധനാഴ്ചയായിരുന്നു, പതിവിലും വിപരീതമായി നല്ല ചൂടുള്ള ദിവസം. നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്യൂരിറ്റി ഡിസ്റ്റിലിംഗ് കമ്പനി. വ്യാവസായിക മദ്യം ഉത്പാദകരായിരുന്നു ഈ കമ്പനിക്ക് കിഴിലായി വലിയൊരു ശർക്കരപ്പാനി സംഭരണിയുണ്ടായിരുന്നു. ഏകദേശം 50 അടി ഉയരവും 90 അടി വ്യാസവുമുണ്ടായിരുന്ന ഈ സംഭരണിയിൽ 2.3 ദശലക്ഷം ഗാലൻ (ഏകദേശം 87 ലക്ഷം ലിറ്റർ) ശർക്കരപ്പാനി ആയിരുന്നു നിറച്ചിരുന്നത്. ഇങ്ങനെ സൂക്ഷിക്കുന്ന ശർക്കരപ്പാനി മദ്യം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുമായിരുന്നു.
ഉച്ചയ്ക്ക് ഏകദേശം 12:30 മണി കഴിഞ്ഞു കാണും. ശൈത്യകാലം അവസാനിച്ചതിനാൽ നഗരത്തിലെ ഭൂരിഭാഗം മനുഷ്യരും വീടുകൾക്കും, കെട്ടിടങ്ങൾക്കും പുറത്തായിരുന്നു. പെട്ടന്നായിരുന്നു നഗരത്തിന്റെ ശാന്തത ഭേദിച്ച് കൊണ്ട് ഇടിമുഴക്കത്തെക്കാൾ ഉഗ്രതയുള്ള ഒരു ശബ്ദം മുഴങ്ങുന്നത്. നഗരത്തിലൂടെ പതിവ് സർവീസ് നടത്തുന്ന ട്രെയിനിന്റെ ഒച്ചയായിരിക്കും ഇത് എന്നാണ് പലരും കരുതിയത്. എന്നാൽ ആദ്യം കേട്ട ഒച്ചയുടെ തിവ്രത കൂടിക്കൊണ്ടേയിരുന്നു. ഭൂമികുലുങ്ങളും പോലെ, ഭൂകമ്പത്തിന്റെ പ്രഹരം പോലെ ആ നഗരം വിറക്കുവാൻ തുടങ്ങി. തങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് ജനങ്ങൾ മനസ്സിലാക്കുന്നതിന് മുൻപ് തന്നെ എവിടെനിന്നില്ലാതെ എന്തോ ഒരു ദ്രാവകം ഒരു സുനാമി പോലെ ആർത്തിരിച്ച് നഗരത്തെ വിഴുങ്ങി. നിമിഷ നേരം കൊണ്ട് നഗരത്തിലെ സർവ്വതും നശിപ്പിച്ച് ആ ദ്രാവകം പ്യൂരിറ്റി ഡിസ്റ്റിലിംഗ് കമ്പനിയിൽ സൂക്ഷിച്ചിരുന്ന ശർക്കരപ്പാനിയായിരുന്നു.
നഗരത്തെ വിഴുങ്ങിയ ശർക്കരപ്പാനി
പ്യൂരിറ്റി ഡിസ്റ്റിലിംഗ് കമ്പനിയിലെ 87 ലക്ഷം ലിറ്റർ ശർക്കരപ്പാനി സൂക്ഷിച്ചിരുന്ന സംഭരണി തകർന്നതായിരുന്നു അപകടത്തിന് കാരണം. സംഭരണി തകർന്നതോടെ പുറത്തേക്ക് പ്രവഹിച്ച ശർക്കരപ്പാനി 25 അടി വരെ ഉയരത്തിൽ ഒരു ഭീമൻ തിരമാലയായി മാറി. മണിക്കൂറിൽ 35 മൈൽ (56 കിലോമീറ്റർ) വേഗതയിൽ ഈ ഒട്ടിപ്പിടിക്കുന്ന തരംഗം ബോസ്റ്റൺ നഗരത്തിലൂടെ കുതിച്ചു. ഈ 'മധുരമായ സുനാമിയുടെ' ശക്തി എത്രത്തോളമായിരുന്നുവെന്ന് വെച്ചാൽ സമീപത്തുള്ള കെട്ടിടങ്ങൾ തകർന്നുവീണു, ഒരു സ്ട്രീറ്റ് കാർ പാളത്തിൽ നിന്ന് തെന്നി തെരുവിലേക്ക് തെറിച്ചു വീണു.
ജനങ്ങൾ പരിഭ്രാന്തരായി ലക്ഷ്യം തെറ്റി, എങ്ങോട്ടെന്നില്ലാതെ പാഞ്ഞു. പലരും ശർക്കരപ്പാനിയുടെ ഒഴുക്കിപ്പെട്ടു. മറ്റുചിലർ ഒഴിക്കിൽപെട്ടുപോകാതിരിക്കാൻ വേണ്ടി ഉയരങ്ങളിൽ തുങ്ങി കിടന്നു. എന്നാൽ ഈ ദുരന്തത്തിൽ 21 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 150-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്വാസം മുട്ടിയും ശർക്കരപ്പാനിയുടെ കട്ടിയിൽപ്പെട്ട് ചലനം നഷ്ടപ്പെട്ടുമായിരുന്നു പലരും മരണപ്പെട്ടത്.
ദുരന്തത്തിന്റെ അനന്തരഫലങ്ങൾ ഭയാനകമായിരുന്നു. നഗരം പൂർണ്ണമായും കട്ടിയുള്ളതും പശിമയുള്ളതുമായ ശർക്കരപ്പാനിയിൽ മുങ്ങി. കട്ടിയുള്ള ശർക്കരപ്പാനിയുടെ പാളിയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ പോലും ദിവസങ്ങളെടുത്തു. ഏറ്റവും വലിയ വെല്ലുവിളി ശുചീകരണ പ്രക്രിയയായിരുന്നു. മാസങ്ങളോളം കടൽവെള്ളം ഉപയോഗിച്ച് കഴുകിയിട്ടും, ഈ പശിമയുള്ള ദ്രാവകം പൂർണ്ണമായും നീക്കം ചെയ്യാൻ കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷവും, വേനൽക്കാലത്ത് ഈ പ്രദേശങ്ങളിൽ ശർക്കരപ്പാനിയുടെ നേരിയ ഗന്ധം അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ദുരന്തത്തിന് പിന്നിലെ യഥാർത്ഥ കാരണം
ശർക്കരപ്പാനിയുടെ സംഭരണി തകരാനുള്ള പ്രധാന കാരണം അതിന്റെ നിർമ്മാണത്തിലെ പിഴവുകളും ഉടമകളുടെ അശ്രദ്ധയുമായിരുന്നു. കട്ടിയുള്ളതോ ബലമില്ലാത്തതോ ആയ സ്റ്റീൽ ഷീറ്റുകൾ ഉപയോഗിച്ച് സംഭരണി വളരെ വേഗത്തിൽ നിർമ്മിച്ചു. 1915-ൽ സംഭരണി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മുതൽ സംഭരണിയിൽ ചോർച്ചയുണ്ടെന്ന് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. എന്നിരുന്നാലും, ഇത് പരിഹരിക്കുന്നതിനുപകരം, ചോർച്ച മറയ്ക്കാൻ കമ്പനി സംഭരണിക്ക് തവിട്ട് നിറം നൽകി. അപകടത്തിന്റെ തലേദിവസം, വലിയ അളവിൽ പുതിയതും ചൂടുള്ളതുമായ ശർക്കരപ്പാനി സംഭരണിയിൽ നിറച്ചു. ഇത് സംഭരണിയിലെ പഴയതും തണുത്തതുമായ ശർക്കരപ്പാനി വികസിക്കാനും സംഭരണിക്കുള്ളിൽ വലിയതോതിലുള്ള മർദ്ദം സൃഷ്ടിക്കാനും കാരണമായി. ഈ ആന്തരിക മർദ്ദമാണ്, ബലമില്ലാത്ത സംഭരണി പൊട്ടിത്തെറിക്കാൻ കാരണമായ പിഴവ്.
ദുരന്തത്തിന് പ്യൂരിറ്റി ഡിസ്റ്റിലിംഗ് കമ്പനിക്കെതിരെ കേസെടുത്തു. മസാച്യുസെറ്റ്സിലെ ആദ്യത്തെ പ്രധാനപ്പെട്ട ക്ലാസ്-ആക്ഷൻ (കൂട്ടായ) കേസുകളിലൊന്നായി മാറി. നാല് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം മ്പനി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി വലിയൊരു തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ശർക്കരപ്പാനി പ്രളയം, ഒരു തമാശയായി തോന്നാമെങ്കിലും, അമേരിക്കൻ വ്യാവസായിക സുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നതിൽ നിർണായക പങ്ക് ഈ ഈ ദുരന്തം വഹിച്ചു. ഈ വിചിത്ര ദുരന്തം, സാമ്പത്തിക ലാഭത്തിനായി മനുഷ്യജീവന് വില കൽപ്പിക്കാതിരുന്നാൽ സംഭവിക്കാവുന്ന വലിയ വിപത്തുകളുടെ ഒരു പാഠപുസ്തകമായി ഇന്നും നിലനിൽക്കുന്നു.
Summary: In 1919, a massive storage tank burst in Boston, releasing over two million gallons of molasses that swept through the city at incredible speed. The thick, sticky flood killed 21 people, injured over 150, and destroyed homes and streets. Known as the “Great Molasses Flood,” it remains one of history’s strangest and most tragic industrial disasters.