തെൽ അവീവ്: ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം. ഗാസയിലെ ബന്ധികൈമാറ്റവും കരാറും സംബന്ധിച്ച സർക്കാർ നിലപാടാണ് പ്രതിഷേധങ്ങൾക്ക് കാരണം. ബന്ദികളുടെ വിധിയുടെ ഉത്തരവാദിത്വം സർക്കാരിനാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ റാലികളും പ്രതിഷേധങ്ങളും നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിൽ വീണ്ടും സൈനിക നടപടികൾ ശക്തമാക്കാനുള്ള നീക്കമാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. ഗാസയിൽ ഏകദേശം 58 ഇസ്രായേൽ ബന്ദികൾ തടവിലുണ്ട്. ഇതിൽ 34 പേർ മരിച്ചുവെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തൽ.
ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ്, 'സമയം കഴിഞ്ഞു' എന്ന തലക്കെട്ടിൽ ഒരു വീഡിയോ ഇന്നലെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ ബന്ദികളുടെ കുടുംബാംഗങ്ങളും പ്രതിഷേധങ്ങളുമായെത്തി. തലസ്ഥാനമായ തെൽ അവീവിൽ ബന്ദികളുടെ ചിത്രങ്ങളുമായാണ് കുടുംബം പ്രതിഷേധം നടത്തിയത്.