ബെല്‍ജിയം: വായ്‌പാത്തട്ടിപ്പ് നടത്തി മുങ്ങിയ ഇന്ത്യന്‍ വജ്രവ്യാപാരി മെഹുല്‍ ചോക്സി ബെല്‍ജിയത്തിൽ ഉണ്ടെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും ബെല്‍ജിയത്തിലെ ഫെഡറല്‍ പബ്ലിക് സര്‍വീസ് ഫോറിന്‍ അഫയേഴ്സിലെ സോഷ്യല്‍ മീഡിയ, പ്രസ് എന്നിവയുടെ വക്താവും സേവന മേധാവിയുമായ ഡേവിഡ് ജോര്‍ഡന്‍സ് പറഞ്ഞു.
ഫെഡറല്‍ പബ്ലിക് സര്‍വീസ് വിദേശകാര്യ വകുപ്പിന് ഈ കേസിനെക്കുറിച്ച് അറിയാമെന്നും അതിന് വലിയ പ്രാധാന്യവും ശ്രദ്ധയും നല്‍കുന്നുണ്ടെന്നും എന്നാൽ വ്യക്തിഗത കേസുകളില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ഫെഡറല്‍ പബ്ലിക് സര്‍വീസ് ജസ്റ്റിസിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും ജോര്‍ഡന്‍സ് പറഞ്ഞു.
വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി, 2021ൽ ആന്റിഗ്വയിൽനിന്നു മുങ്ങി. പിന്നീട് ഇയാളെ കുറിച്ച് വിവരമില്ലായിരുന്നു. ഇപ്പോൾ, ചോക്സി ഭാര്യയ്ക്കൊപ്പം ബൽജിയത്തിലെ ആന്റ്‍വെർപ്പിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. മെഹുലിന്റെ ഭാര്യ പ്രീതിക്ക് ബൽജിയം പൗരത്വമുണ്ട്. ബൽജിയത്തിൽ താമസിക്കുന്നതിനുള്ള പെർമിറ്റിനായി മെഹുൽ ചോക്സി നൽകിയ രേഖകളും വ്യാജമാണെന്ന ആരോപണമുണ്ട്.